SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

കാമുകനെതിരെ പരാതി നൽകിയ യുവതി തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: കാമുകനെതിരെ വനിതാ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയ 22കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സെൻട്രൽ മാളിലെ ഹെൽത്ത് ആൻഡ് ഗ്ലോ എന്ന സ്ഥാപനത്തിലെ ജീവനക്കാരി തിരുവനന്തപുരം വലിയവേളി സഞ്ജയ്‌ഭവനിൽ അനീഷ ജോർജാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇവർ താമസിക്കുന്ന കലൂർ ബാങ്ക് റോഡിലുള്ള വാടകവീടിന്റെ ടെറസിലെ റൂഫിൽ തൂങ്ങിയനിലയിലായിരുന്നു. യുവതിയുടെ കാമുകനായ വയനാട് സ്വദേശിക്കായി എറണാകുളം നോർത്ത് പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രിയാണ് യുവതി വനിതാസ്റ്റേഷനിൽ പരാതിയുമായി എത്തിയത്. കാമുകനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള പരാതിയിൽ കേസെടുക്കേണ്ടെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 10ന് യുവാവിനോടും അനീഷയോടും സ്റ്റേഷനിൽ ഹാജരാകാൻ വനിതാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു.

രാവിലെ ഏഴരയോടെ അയൽവീട്ടുകാരാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. വീട്ടുടമ നോർത്ത് പൊലീസിനെ അറിയിച്ചു. നോർത്ത് സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

പരാതിയിൽ പറയുന്ന ഗൗരവമേറിയ കാര്യങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. കൊച്ചിയിലെ ഒരു മാളിലാണ് കാമുകൻ ജോലി ചെയ്തിരുന്നത്. ഇയാൾ ഒളിവിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY