# രണ്ടുപേർ പിടിയിലെന്ന് സൂചന
ആലപ്പുഴ : അനധികൃതമായി പാർക്ക് ചെയ്ത വാഹനത്തിന്റെ നമ്പർ പ്‌ളേറ്റ് ഫോട്ടോ എടുക്കുന്നതിനിടെ വനിത എ.എസ്.ഐ കൈപിടിച്ച് തിരിച്ച ശേഷം മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർക്ക് എതിരെ നോർത്ത് പൊലീസ് കേസ് എടുത്തു. ആലപ്പുഴ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ.വി.വിജുവിനെയാണ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സംഘം മർദ്ദിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.
ജില്ലാ കോടതിപാലത്തിന് വടക്കേകരയിൽ ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് സംഭവം. വൺവേ സംവിധാനമായതിനാൽ ഈ ഭാഗത്ത് വാഹനം പാർക്ക് ചെയ്യരുതെന്ന് ഡ്രൈവറോട് എ.എസ്.ഐ പറഞ്ഞു. എന്നാൽ ഇത് കൂട്ടാക്കാതെ വാഹനം പാർക്ക് ചെയ്ത ശേഷം പ്രകടനത്തിന് പോകാൻ ശ്രമിച്ചു. ഇതിനിടെ വാഹനത്തിന്റെ നമ്പർ ഫോട്ടോ എടുക്കുന്നതിനിടെ സംഘത്തിലെ യുവാവ് അക്രോശിച്ചു കൊണ്ട് എത്തി. തുടർന്ന് എ.എസ്.ഐയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞതൊടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. ഇടത് കൈയുടെ മോതിരവിരൽ പിടിച്ച് തിരിച്ചു. എതിർ വശത്ത് ഉണ്ടായിരുന്ന മറ്റ് പൊലീസുകാർ എത്തുന്നത് കണ്ട് അക്രമി സംഘം ആൾക്കൂട്ടത്തിലേക്ക് ഓടിമറഞ്ഞു. വിജുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു കൈക്ക് പ്‌ളാസ്റ്റർ ഇട്ടു. നോർത്ത് പൊലീസ് എ.എസ്.ഐയുടെ മൊഴിയെടുത്തു. തിരുവനന്തപുരത്ത് നിന്നെത്തിയ വാഹനമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |