SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

കുറുവ മോഷണ സംഘത്തിനെതിരെ കാഞ്ഞങ്ങാട്ടും ജാഗ്രത

കാഞ്ഞങ്ങാട്: കുറുവ മോഷണ സംഘം കേരളത്തിലെത്തിയതായുള്ള സൂചനകൾ ലഭിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട്ടും ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ആലപ്പുഴ ജില്ലയിൽ മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം നടന്ന മോഷണ ശ്രമത്തെ തുടർന്നു മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങൾ ലഭിച്ചത്‌.

മുഖം മറച്ച്‌ അർദ്ധ നഗ്നരായാണ് കുറുവ സംഘം എത്താറുള്ളത്. ഇവരുടെ വേഷത്തിൽ നിന്നും ശരീരഭാഷയിൽ നിന്നുമാണ് ഇത് കുറുവ സംഘമാണെന്ന് ഉറപ്പിക്കുന്നത്. പകൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങും. രാത്രി മോഷണത്തിനിറങ്ങും. എതിർത്താൽ ആക്രമിക്കുകയും ചെയ്യും. സംസ്ഥാനത്ത് പലയിടത്തും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. കുറുവ എന്ന് കേരളത്തിൽ അറിയപ്പെടുന്ന ഇവരെ തമിഴ്നാട്ടിൽ നരിക്കുറുവ എന്നാണ് വിളിക്കുന്നത്.

മോഷണമെന്ന കുലത്തൊഴിലിൽ നിന്ന് ഇവരെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ വീടുകൾ ഉൾപ്പെടെ നൽകിയെങ്കിലും പിന്തിരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വീടുകളുടെ പിൻവാതിൽ തകർത്ത് അകത്ത് കയറുന്നതാണ് ഇവരുടെ രീതി. പലപ്പോഴും മൂന്ന് പേർ ഒന്നിച്ചാണ് മോഷണത്തിന് എത്തുന്നത്.

കണ്ണുകൾ മാത്രം പുറത്തു കാണാവുന്ന വിധത്തിൽ തോർത്ത് തലയിൽ കെട്ടാറുമുണ്ട്. ഷർട്ടും ലുങ്കിയും അരയിൽ ചുരുട്ടിവച്ച് അതിനു മീതേ നിക്കർ ധരിക്കും. പിടികൂടിയാൽ വഴുതി രക്ഷപ്പെടാൻ ഇവർ ശരീരത്തിൽ എണ്ണയും കരിയും പുരട്ടും. വീടിന് പുറത്തെത്തി കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്തു വാതിൽ തുറക്കാൻ വീട്ടുകാരെ പ്രേരിപ്പിക്കാറുണ്ട്. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്തേക്ക് ഇരച്ചുകയറും. വീട്ടിൽ കയറുന്ന സംഘത്തിലെ ഒരാൾക്ക് മാത്രമാകും സ്ഥലത്തെക്കുറിച്ച് പരിചയമുണ്ടാകുക. ആയുധം കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും തട്ടിയെടുക്കുന്ന രീതിയുമുണ്ട്.

ആഭരണങ്ങൾ മുറിക്കാൻ

പ്രത്യേക കത്രിക

സ്ത്രീകളുടെ ശരീരത്തിലെ ആഭരണം മുറിച്ചെടുക്കാൻ പ്രത്യേക കത്രികയാണ് ഇവർ ഉപയോഗിക്കുന്നത്. ഇവർ നന്നായി മലയാളം സംസാരിക്കും. മോഷണം നടത്തുന്ന സ്ഥലങ്ങളിൽ മലയാളം മാത്രമേ സംസാരിക്കൂ. ആറ് മാസം വരെ വീടുകളെ നിരീക്ഷിച്ച ശേഷമാണ് ഇവർ മോഷണത്തിന് എത്തുന്നതെന്നും പറയപ്പെടുന്നു. മോഷണം ആസൂത്രണം ചെയ്താലുടൻ താമസസ്ഥലം മാറും. മോഷണ സ്ഥലത്തിന് കിലോമീറ്ററുകൾ അകലെയായിരിക്കും ആ സമയത്ത് ഇവർ താമസിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY