
കാട്ടാക്കട: മോഷണം നടത്തി മണിക്കൂറിനുള്ളിൽ കള്ളനെയും സ്വർണം വിൽക്കാൻ ശ്രമിച്ചയാളെയും പിടികൂടി.കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ പൂവച്ചൽ പുളിങ്കോട് മുടിപ്പുര ക്ഷേത്രത്തിൽ മോഷണം നടത്തിയ മലയിൻകീഴ് പാലോട്ടുവിള കൊമ്പേറ്റി വാറുവിളാകത്ത് വീട്ടിൽ രാമചന്ദ്രനെയും (67) സ്വർണം വിൽക്കാൻ സഹായിച്ച പേരേക്കോണം ചെട്ടിക്കുന്ന് റോഡരിക്കത്തു വീട്ടിൽ ജോണിയെയുമാണ് (51) കാട്ടാക്കട ഡിവൈ.എസ്.പിയുടെ ഷാഡോ സംഘം വെള്ളറടയിൽ നിന്ന് പിടികൂടിയത്.10,000 രൂപ പ്രതിയിൽ നിന്ന് കണ്ടെത്തി.മോഷ്ടിച്ച സ്വർണം 50,000 രൂപയ്ക്ക് പണയപ്പെടുത്തി.
ക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തിത്തുറന്ന് 54 സ്വർണപൊട്ടുകൾ,ഒന്നര പവൻ മാല,10താലി,നേർച്ച ഉരുപ്പടികൾ പിടി പണം(കിഴിപ്പണം) ഉൾപ്പെടെ കവർന്ന പ്രതിയാണ് പിടിയിലായത്.രാവിലെ ക്ഷേത്ര പരിസരം വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് ഓഫീസ് മുറി തുറന്നുകിടക്കുന്നത് കണ്ടത്.തുടർന്ന് ഭരണസമിതിയെ വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഉച്ചയോടെ പിടികൂടിയ പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |