
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ നന്ദാവനത്തുവച്ച് ദമ്പതികളെ ആക്രമിച്ചകേസിൽ രണ്ടുപേരെ മ്യൂസിയം പൊലീസ് പിടികൂടി.നെയ്യാറ്റിൻകര മാരായമുട്ടം പെരിങ്കട സ്വദേശി സുജിത്ത് രാജ്,നെയ്യാറ്റിൻകര പെരുംമ്പഴുതൂർ മാമ്പഴക്കര കുന്നത്തുവിള പുത്തൻവീട്ടിൽ ആദർശ് എന്നിവരാണ് പിടിയിലായത്. വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽവച്ച് തർക്കമുണ്ടായതിനെ തുടർന്ന് ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം ദമ്പതികളെ ആക്രമിക്കുകയായിരുന്നു.
വേറ്റിക്കോണം സ്വദേശി എസ്.ആഷിഖിനെയാണ് ആക്രമിച്ചത്. ഇയാളും ഭാര്യയും പാളയം പള്ളിക്ക് മുന്നിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ പ്രതികൾ മറ്റൊരു ബൈക്കിൽ വന്ന് ഇടിക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതോടെ പിന്തുടർന്നുചെന്ന് നന്ദാവനത്തുവച്ച് തടഞ്ഞുനിറുത്തി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ആഷിഖിന്റെ രണ്ട് തോളുകൾക്കും കാലിനും കുത്തേറ്റു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.ആദർശ് ഏഴോളം ക്രിമിനൽ കേസുകളിലെ പ്രതിയും സുജിത് രാജ് മാരായമുട്ടം പൊലീസ് സ്റ്റേഷനിലെ കാപ്പ പ്രതിയുമാണ്.ഡി.സി.പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ എ.സി.പി സ്റ്റുവർട്ട് കീലർ,സി.ഐ വിമൽ,എസ്.ഐമാരായ വിപിൻ,ആശ,ഷിജു,ഷെഫിൻ,എ.എസ്.ഐ ബിനിത,സി.പി.ഒമാരായ ബിജു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |