
കാട്ടാക്കട: പൂവച്ചലിൽ ഭിക്ഷ യാചിച്ചെത്തിയ 82കാരിയെ വീട്ടിലേക്ക് വിളിച്ചുകയറ്രി മർദ്ദിക്കുകയും പണം പിടിച്ചുപറിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേർക്ക് താത്കാലിക ജാമ്യം. പൂവച്ചൽ സ്വദേശി സച്ചിൻ (സജിൻ,46), പാലേലി സ്വദേശിയും പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരനുമായ എം. ലാലു (41) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
കേസ് ഇന്ന് കാട്ടാക്കട കോടതി വീണ്ടും പരിഗണിക്കും. പ്രതികളോട് ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇവരെ വീണ്ടും റിമാൻഡ് ചെയ്യണമോ എന്ന കാര്യത്തിലും ഇന്ന് കോടതി തീരുമാനമുണ്ടാകും.
ഞായറാഴ്ച ഉച്ചയോടെയാണ് പൂവച്ചൽ ജംഗ്ഷന് സമീപം സച്ചിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് നക്രാഞ്ചിറ സ്വദേശിയായ അമരാവതി ഭിക്ഷ ചോദിച്ചെത്തിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന സച്ചിനും ലാലുവും ചേർന്ന് ഇവരെ പത്ത് രൂപ കാട്ടി വിളിക്കുകയും വീടിനുള്ളിലേക്ക് വലിച്ചുകയറ്റി പൂട്ടിയിടുകയുമായിരുന്നു. തുടർന്ന് ഇവരെ മർദ്ദിച്ച് കൈവശമുണ്ടായിരുന്ന 352 രൂപ ബലമായി പിടിച്ചുവാങ്ങിയെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു. ഇരുവരും മദ്യലഹരിയിലായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കാട്ടാക്കട പൊലീസാണ് വൃദ്ധയെ മോചിപ്പിച്ച് പ്രതികളെ കസ്റ്റഡിയിലെടുത്തത്.ഇരുവർക്കുമെതിരെ പണാപഹരണത്തിനും സ്ത്രീത്വത്തെ അപമാനിക്കലിനുമാണ് കേസെടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു.പൊലീസുകാരൻ സസ്പെൻഷനിലാണ്.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പൂവച്ചൽ സ്വദേശിയായ മറ്റൊരു യുവാവിനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.ഇയാളാണ് റോഡിലൂടെ പോയ ഭിക്ഷക്കാരിയെ വീട്ടിലേക്ക് വിളിച്ചത്.എന്നാൽ സംഭവത്തിനുശേഷം ഇയാൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സംഭവത്തിൽ ഇയാൾക്കുള്ള പങ്കിനെപ്പറ്റിയും അന്വേഷിക്കുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |