SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

130 വർഷം കഠിനതടവ് ലഭിച്ച പോക്‌സോ പ്രതിക്ക് മറ്റൊരു കേസിൽ 110 വർഷം കൂടി തടവ്

arrested

തൃശൂർ: പോക്‌സോ കേസിൽ 130 വർഷം കഠിന തടവ് ലഭിച്ച പ്രതിക്ക് മറ്റൊരു പോക്‌സോ കേസിൽ 110 വർഷം കൂടി കഠിന തടവും പിഴയും. 11 വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ഒരുമനയൂർ സ്വദേശി മുത്തമ്മാവ് മാങ്ങാടി വീട്ടിൽ കുഞ്ഞപ്പു മകൻ സജീവനെയാണ് (52) ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതി 110 വർഷം കഠിന തടവും 7,75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

പിഴ അടയ്ക്കാത്ത പക്ഷം 31 മാസം കൂടി അധികതടവ് അനുഭവിക്കണം. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടികൾക്ക് മതിയായ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാനും പ്രതിയിൽ നിന്ന് പിഴ ഈടാക്കുന്ന പക്ഷം പിഴത്തുക കുട്ടികൾക്ക് നൽകാനും കോടതി വിധിച്ചു. ഈ സംഭവത്തിലെ കൂട്ടുകാരനെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 130 വർഷം കഠിനതടവും 8,75,000 രൂപ പിഴയും വിധിച്ചിരുന്നു. 2023 ഏപ്രിലിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത 11 വയസുള്ള ആൺകുട്ടിയെയും കൂട്ടുകാരനെയും ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

കുട്ടികൾ സംഭവം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ചാവക്കാട് സ്റ്റേഷനിൽ പരാതി നൽകി. ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ എ.കെ.ഷൗജത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ വി.എം.ഷാജു, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തി. സബ് ഇൻസ്‌പെക്ടർ സെസിൽ ക്രിസ്റ്റ്യൻ രാജ് തുടരന്വേഷണവും ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ വിപിൻ കെ.വേണുഗോപാൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും സമർപ്പിച്ചു.

കേസിൽ പ്രൊസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് സി.നിഷ എന്നിവർ ഹാജരായി. സി.പി.ഒമാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കാനായി പ്രൊസിക്യൂഷനെ സഹായിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY