SignIn
Kerala Kaumudi Online
Friday, 23 October 2026 12.57 AM IST

82കാരിയെ വീട്ടിൽ പൂട്ടിയിട്ട സംഭവം: പൊലീസുകാരനും സുഹൃത്തും റിമാൻഡിൽ

കാട്ടാക്കട: പൂവച്ചലിൽ ഭിക്ഷ യാചിച്ചെത്തിയ 82കാരിയെ വീട്ടിലേക്ക് വിളിച്ചുകയറ്രി മർദ്ദിക്കുകയും പണം പിടിച്ചുപറിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പൊലീസുകാരനെയും സുഹൃത്തിനെയും കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു. പാലേലി സ്വദേശിയും പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരനുമായ എം.ലാലു (41),പൂവച്ചൽ സ്വദേശി സച്ചിൻ (സജിൻ, 46) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

തിങ്കളാഴ്ച പ്രോസിക്യൂഷൻ വാദം കേൾക്കാത്തതിനാൽ പ്രതികൾക്ക് കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. തുടർന്നാണ് വീണ്ടും പ്രതികളെ റിമാൻഡ് ചെയ്തത്.

ഇവരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും വൃദ്ധ കോടതിയിൽ സത്യവാങ്മൂലം നൽകിയതായും സൂചനയുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് സച്ചിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽവച്ച് നക്രാഞ്ചിറ സ്വദേശിയായ അമരാവതിയെ സച്ചിനും ലാലുവും ചേർന്ന് മർദ്ദിച്ച് കൈവശമുണ്ടായിരുന്ന 352 രൂപ പിടിച്ചുപറിച്ചത്. കാട്ടാക്കട പൊലീസ് പ്രതികൾക്കെതിരെ പണാപഹരണത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിരുന്നു. പൊലീസുകാരൻ സസ്പെൻഷനിലാണ്. പൂവച്ചൽ സ്വദേശിയായ മറ്റൊരു യുവാവിനെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളാണ് റോഡിലൂടെ പോയ ഭിക്ഷക്കാരിയെ വീട്ടിലേക്ക് വിളിച്ചതെന്നും, സംഭവത്തിനുശേഷം ഇയാൾ സ്ഥലത്തുനിന്നു രക്ഷപ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY