
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ പരിധിയിലും മറ്റും പാർക്ക് ചെയ്തിരിക്കുന്ന മോട്ടോർ സൈക്കിളുകൾ സ്ഥിരമായി മോഷണം നടത്തുന്ന ചെങ്കൽ മരിയാപുരം മേലമ്മാകം പുളിയറ വിജയാ ബംഗ്ലാവിൽ ബിഭിജിത്ത് (22)നെ പൊലീസ് പിടികൂടി. നെയ്യാറ്റിൻകര കെ.എസ്.എഫ്.ഇ പാർക്കിംഗ് ഏരിയയിൽ നിന്നും ഹീറോ ഹോണ്ട സപ്ളെൻഡർ മോട്ടോർ സൈക്കിൾ മോഷണം പോയത് സംബന്ധിച്ച് സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇക്കഴിഞ്ഞ 1ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രി ഏരിയയിൽ നിന്നും മോട്ടോർ സൈക്കിൾ മോഷണം നടത്തിയതിന് അറസ്റ്റിലായിരുന്ന ബിഭിജിത്ത് ജാമ്യത്തിൽ ഇറങ്ങിയ ശേഷംവീണ്ടും മോഷണം നടത്തുകയായിരുന്നു. പൂവാർ പെട്രോൾ പമ്പിൽ പിടിച്ചുപറി നടത്തിയതിന് ഇയാളുടെ പേരിൽ കേസ് നിലവിലുണ്ട്. നെയ്യാറ്റിൻകര എസ്.എച്ച്.ഒ എസ്.ബി പ്രവീൺ,സബ് ഇൻസ്പെക്ടർ ആശിഷ്,ഗ്രേഡ് എസ്.ഐ രവികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനോയ് ജസ്റ്റിൻ, ലെനിൻ, ഷാഡോ പൊലീസ് ടീം അംഗം പത്മകുമാർ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |