
പറവൂർ: കോട്ടുവള്ളി കൈതാരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ എയ്ഡഡ് ഹൈസ്കൂൾ അദ്ധ്യാപകൻ മാള മഠത്തുംപടി ചക്കാടിക്കുന്ന് മാടവന വീട്ടിൽ എം.ആർ. കൃഷ്ണകുമാറി (38)നെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇന്നലെ പുലർച്ചെ നെടുമ്പാശേരി അത്താണിയിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്.
ആത്മഹത്യ ചെയ്ത യുവാവിന്റെ ഭാര്യ പറവൂരിലെ എയ്ഡഡ് സ്കൂൾ അദ്ധ്യാപികയാണ്. ഭാര്യയുമായി കൃഷ്ണകുമാറിനുണ്ടായിരുന്ന അടുപ്പമാണ് മരണത്തിലേക്ക് വഴിവച്ചതെന്ന് നാലു പേജുള്ള ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഭാര്യയുമായുള്ള ഇയാളുടെ ബന്ധം സംബന്ധിച്ച് പൊലീസിൽ യുവാവ് രണ്ട് മാസം മുമ്പ് പരാതി നൽകിയിരുന്നു. ഇരുവരെയും വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ വിളിച്ച് വരുത്തിയെങ്കിലും ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ച യുവതിയെ പൊലീസ് നഗരത്തിലെ ഒരു ഹോസ്റ്റലിൽ താമസിപ്പിച്ചു. ഇതിനു ശേഷവും കൃഷ്ണകുമാറുമായുള്ള ബന്ധം തുടർന്നു.
യുവതിക്ക് ഒമ്പതും രണ്ടരയും വയസുള്ള പെൺകുട്ടികളുണ്ട്. മക്കളെ ഉപേക്ഷിച്ച് ഭാര്യ പോയതിൽ കടുത്തമാനസിക സമ്മർദ്ദത്തിലായിരുന്നു യുവാവെന്ന് ബന്ധുക്കൾ പറഞ്ഞു.
കൃഷ്ണകുമാറിനെതിരെ സമാനസ്വഭാവമുള്ള മറ്റ് ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതി നൽകിയതിനെ തുടർന്ന് കൃഷ്ണകുമാറിനോട് അവധിയെടുക്കാൻ സ്കൂൾ മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |