SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

പതിനാറുകാരനുൾപ്പെടെ മർദ്ദനം : വാടാനപ്പിള്ളി പൊലീസ് സ്റ്റേഷന് മുൻപിൽ സംഘർഷം

വാടാനപ്പള്ളി : തളിക്കുളത്ത് സംഘർഷത്തിനിടയിൽ പിടികൂടിയ പതിനാറുകാരൻ അടക്കമുള്ളവരെ വനിത എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാർ ക്രൂരമായി മർദിച്ചെന്നാരോപിച്ച് വാടാനപ്പിള്ളി പൊലീസ് സ്‌റ്റേഷന് മുന്നിൽ വീട്ടമ്മമാരുടെ നേതൃത്വത്തിൽ പ്രതിഷേധം. അറസ്റ്റിലും പൊലീസ് മർദ്ദനത്തിലും പ്രതിഷേധിച്ച് വാടാനപ്പിള്ളി പൊലീസ് സ്റ്റേഷന് മുമ്പിൽ രാത്രി ഏറെ വൈകിയും പ്രതിഷേധം തുടരുകയാണ്. ശനിയാഴ്ച നടന്ന ഉത്രം വിളക്ക് മഹോത്സവത്തിൽ രാത്രി കാവടിയാട്ടത്തിനിടയിൽ തുള്ളിച്ചാടിയ ആൾ യുവതിയെ കയറിപ്പിടിച്ചെന്ന് ആരോപിച്ചാണ് സംഘർഷം ഉടലെടുക്കുന്നത്. പിന്നീട് ശാന്തമായെങ്കിലും ഇത് വീട് കയറിയുള്ള ആക്രമണത്തിലും ഒരാളുടെ തല പൊളിച്ച അവസ്ഥയിലുമെത്തിച്ചു. തുടർന്നും ചേരിതിരിഞ്ഞ് അടിപിടി കൂടുന്നതിനിടയിൽ വാടാനപ്പിള്ളി പൊലീസെത്തി, ആക്രമണം നടത്തിയ യുവാവിനെയും വടി പിടിച്ച് നിന്നിരുന്ന 16 കാരനെയുമടക്കം മൂന്ന് വിദ്യാർത്ഥികളെ പിടികൂടി. സിവിൽ ഡ്രസിലുള്ള വനിത എസ്.ഐ അടക്കം പൊലീസുകാർ ഇവരെ പിടികൂടി മർദ്ദിച്ച് സ്‌റ്റേഷനിൽ കൊണ്ടുപോയെന്നാണ് ആരോപണം.

വിവരമറിഞ്ഞ് സ്ത്രീകളടക്കം കൂടുതൽ പേർ സ്‌റ്റേഷനിലെത്തി. മൂന്നുപേരും നിരപരാധികളാണെന്നും ഇവരെ വിട്ടയയ്ക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷം 16 കാരനെ പൊലീസ് വിട്ടയച്ചു. തന്നെയും മറ്റുള്ളവരെയും വനിത സി.ഐ അടക്കം നാലോളം വരുന്ന പൊലീസുകാർ മർദ്ദിച്ചതായി ഇയാൾ പരാതി പറഞ്ഞു. ലോക്കപ്പിൽ നിന്ന് ബാത്ത് റൂമിലും പിൻവശത്തും ഓരോരുത്തരെയും കൊണ്ടുപോയി മാറി മാറി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മുഖത്തും തലയിലും പുറത്തും തോളിലും മർദ്ദിച്ചതായി പറഞ്ഞു. പിന്നീട് നെഞ്ചുവേദനയും പുറംവേദനയും കാരണം കുട്ടിയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർ പ്രതികളാണെന്നും വടികളുമായാണ് ഇവരെ സംഘർഷത്തിനിടയിൽ പിടികൂടിയതെന്നും ഇവരെ പൊലീസ് മർദ്ദിച്ചിട്ടില്ലെന്നും കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വിവരമറിയിച്ചു. പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് തടയുമെന്ന മുന്നറിയിപ്പ് വന്നതോടെ ജില്ലയിലെ വിവിധ സ്‌റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസെത്തി. ഇതിനിടയിൽ ഒരാളെ പരിക്കേൽപ്പിച്ച മറ്റൊരു പ്രതിയെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടയിൽ മകനെ കെട്ടിപ്പിടിച്ച വീട്ടമ്മയെ പൊലീസ് കൈ പിടിച്ച് വലിച്ചിട്ടതോടെ ഇവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി വൈകിയിട്ടും പൊലീസ് സ്‌റ്റേഷന് മുന്നിൽ ജനക്കൂട്ടം തുടരുകയാണ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY