
തിരുവനന്തപുരം: വിനീതാ കൊലക്കേസിൽ പൊലീസ് കോടതിയിൽ ഹാജരാക്കിയ സി.സിടിവി ദൃശ്യങ്ങളിലുള്ളത് താൻ തന്നെയെന്ന് കോടതിയിൽ സമ്മതിച്ച് പ്രതി. വിചാരണയ്ക്കിടെ കോടതി നേരിട്ട് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ ഇക്കാര്യം സമ്മതിച്ചത്.
ഏഴാം അഡിഷണൽ സെക്ഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് കേസ് പരിഗണിച്ചത്.
തമിഴ്നാട്ടിൽ വിചാരണ നടക്കുന്ന മൂന്ന് കൊലക്കേസുകളിൽ താൻ പ്രതിയാണെന്നും രാജേന്ദ്രൻ സമ്മതിച്ചു. കന്യാകുമാരി സ്വദേശിയായ താൻ ഹോട്ടൽ ജോലിക്കാണ് തിരുവനന്തപുരത്ത് എത്തിയതെന്നും ഇയാൾ പറഞ്ഞു. ഉന്നത ബിരുദധാരിയായ പ്രതി ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിംഗിനുള്ള പണത്തിനാണ് കൊലപാതകങ്ങൾ നടത്തിയത്.പേരൂർക്കടയിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂർ ചരുവള്ളിക്കോണം സ്വദേശിയുമായ വിനീതയെ കൊലപ്പെടുത്തിയത് സ്വർണമാല കവരാനായിരുന്നു. മാല കാവൽക്കിണറിലെ ധനകാര്യസ്ഥാപനത്തിൽ പണയം വച്ചത് പൊലീസ് കണ്ടെടുത്തിരുന്നു.
സ്വനപേടകത്തിൽ കത്തി കൊണ്ട് ആഴത്തിൽ മുറിവുണ്ടാക്കി ഇരയ്ക്ക് ഒച്ചവയ്ക്കാൻ പോലും കഴിയാത്ത വിധമാണ് പ്രതി കൊലപാതകങ്ങൾ നടത്തിയിരുന്നത്.
തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യൻ,ഭാര്യ വാസന്തി,13കാരി മകൾ അഭിശ്രീ എന്നിവരെയും സമാനരീതിയിൽ മുൻപ് കൊലപ്പെടുത്തിയിരുന്നു. ഇവരിൽ നിന്ന് സ്വർണവും പണവും കവർന്നിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |