SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 AM IST

ദേവേന്ദുവിനെ തിരഞ്ഞ് നാട്, കുലുങ്ങാതെ അമ്മ ശ്രീതു

crime

കുട്ടി കിണറ്റിലുണ്ടെന്ന ഡിവൈ.എസ്.പി ഷാജിയുടെ നിഗമനം ശരിയായി

തിരുവനന്തപുരം: രണ്ടുവയസുകാരിയെ കാണാനില്ലെന്നറിഞ്ഞ വിവരം കേട്ടാണ് ബാലരാമപുരം കോട്ടുകാൽകോണം ഇന്നലെ ഉറക്കമുണർന്നത്. പിന്നാലെ പ്രാർത്ഥനകളോടെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. മൂന്നാം മണിക്കൂറിൽ പിഞ്ചുകുഞ്ഞിന്റെ ജീവനറ്റ ശരീരം വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് കണ്ടെത്തി. അപ്പോഴും നൊന്തുപ്രസവിച്ച കുഞ്ഞ് നഷ്ടപ്പെട്ട യാതൊരു വികാരവും അമ്മ ശ്രീതുവിന്റെ മുഖത്തുണ്ടായിരുന്നില്ല. അവിടെനിന്നാണ് നാട്ടുകാരും പൊലീസും ശ്രീതുവിനെ സംശയിച്ചു തുടങ്ങിയത്.

കോട്ടുകാൽക്കോണം വാറുവിളാകത്തുവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു, ശ്രീജിത്ത് ദമ്പതികളുടെ ഇളയ കുട്ടിയായ ദേവേന്ദുവിനെ കാണാനില്ലെന്ന് അമ്മയാണ് രാവിലെ അഞ്ചരയ്ക്ക് അയൽവാസികളോട് പറഞ്ഞത്. വീടിന്റെ പരിസരത്തും റോ‌ഡിലും ആളൊഴിഞ്ഞ പറമ്പുകളിലും ടോർച്ചുമായി ആളുകൾ പരക്കംപാഞ്ഞു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.നാടാകെ കുഞ്ഞിനെ തിരികെക്കിട്ടാനായി പ്രാർത്ഥിച്ചു.

ദേവേന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യസംശയം.പ്രദേശത്തെ സി.സി ടിവികളും വാഹനങ്ങളുമൊക്കെ അരിച്ചുപെറുക്കി. അതിനിടെ സ്ഥലത്തെത്തിയ ഡിവൈ.എസ്.പി ഷാജിയാണ് കിണർ മൂടിയിരുന്ന പഴത്തുണികൾ ഒരുവശത്ത് നീങ്ങി കിടക്കുന്നത് കണ്ടത്.

'ഇവിടെ മാത്രം എന്താ ഇങ്ങനെയെന്ന്? ...ചോദിച്ചപ്പോൾ ഇവിടെ തുണികഴുകിയിടാറുണ്ടെന്നും അങ്ങനെ മാറിയതാകുമെന്നും ശ്രീതുവിന്റെ അമ്മ പറഞ്ഞു. സംശയംതോന്നിയ ഡിവൈ.എസ്.പി ഉടൻ ബാലരാമപുരം സി.ഐ ധർമ്മജിത്തിനോട് ഫയർഫോഴ്സിനെ വിളിക്കാൻ ആവശ്യപ്പെട്ടു. ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോൾ സമയം 8.15.

കിണറ്റിൽ വലയിട്ട് പരിശോധിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉറക്കെ വിളിച്ചുപറഞ്ഞു കുഞ്ഞിനെ കിട്ടി. നാടൊന്നാകെ ഞെട്ടിത്തരിച്ച നിമിഷം.

കുട്ടി സ്വന്തമായി കിണറ്റിന്റെ അടുത്തേക്ക് എത്തില്ലെന്ന് ഉറപ്പിച്ച പൊലീസ്,അതിനുള്ള വഴികൾ അന്വേഷിച്ചു. സംഭവസമയം ശ്രീതു, ശ്രീജിത്ത്, ഇവരുടെ മൂത്തകുട്ടി പാർവണേന്ദു (7),ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ,അമ്മ ശ്രീകല എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.ഇവർ ഓരോരുത്തരും പറഞ്ഞകാര്യങ്ങൾ പരസ്‌പരം പൊരുത്തപ്പെട്ടില്ല. ഇതോടെ പാർവണേന്ദു ഒഴികെ മറ്റെല്ലാവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പാർവണേന്ദുവിനെ സമീപത്തുള്ള ശ്രീജുവിന്റെ ബന്ധുക്കളുടെ അടുത്താക്കുകയായിരുന്നു.

കഥകളെല്ലാം

ശ്രീതുവിന് എതിരെ

കുട്ടിയുടേത് കൊലപാതകമാണെന്ന വാർത്ത പരന്നതോടെ നാട്ടുകാർ സംശയങ്ങളുടെ കെട്ടഴിച്ചു.എല്ലാം അമ്മ ശ്രീതുവിനെ പ്രതികൂട്ടിലാക്കുന്ന ആരോപണങ്ങൾ. കുട്ടിയുടെ അച്ഛൻ ശ്രീജിത്ത് കുടുംബവുമായി പിണങ്ങി കുടുംബവീട്ടിലാണെന്നും ശ്രീതുവിന്റെ അച്ഛന്റെ മരണത്തിന്റെ 16-ാംദിന ചടങ്ങുകൾ ഇന്നലെയായിരുന്നതിനാലാണ് തലേദിവസം രാത്രി വീട്ടിലേക്ക് എത്തിയതെന്നും ഉൾപ്പെടെ പുറംലോകമറിഞ്ഞു. ഉച്ചയോടെ കുട്ടിയെ അമ്മാവൻ ഹരികുമാർ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്ന് കുറ്റസമ്മതം നടത്തിയപ്പോൾ അത് അപ്പാടെ വിശ്വസിക്കാനും നാട്ടുകാർ തയ്യാറായില്ല. ഹരികുമാർ മാത്രമായി അത് ചെയ്യില്ല. ശ്രീജുവിനും പങ്കുണ്ടാകുമെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഹരികുമാർ അഴിക്കുള്ളിലായി.വൈകിട്ടോടെ ശ്രീജിത്തിനെയും ശ്രീകലയെയും പൊലീസ് വിട്ടയച്ചു. രാത്രി ശ്രീതുവിനെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.

നെഞ്ചുപൊട്ടി നാട്, ദേവേന്ദുവിനെ അടക്കി

മെഡിക്കൽകോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടം കഴിഞ്ഞ് ‌വൈകിട്ട് 5ഓടെ ദേവേന്ദുവിന്റെ മൃതദേഹം എത്തിച്ചു.

വാടകവീടിന് സമീപത്തുള്ള ശ്രീകലയുടെ കുടുംബവീടായ മിടാനൂർക്കോണം കുളവറവിളാകത്തെ പുരയിടത്തിലാണ് ദേവേന്ദുവിനെ അടക്കിയത്. ശ്രീജിത്തും ശ്രീകലയുമെല്ലാം പൊട്ടിക്കരഞ്ഞു.

കണ്ടുനിന്നവരും നെഞ്ചുപൊട്ടി കരഞ്ഞു. മറ്റ് ചടങ്ങുകളൊന്നുമുണ്ടായില്ല. കുടുംബവീട് പൂട്ടിയിട്ട ശേഷം മൂന്നുവർഷത്തോളമായി അരകിലോമീറ്റർ അകലെയുള്ള വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. ശ്രീകലയ്ക്ക് സമീപത്തെ ക്ഷേത്രത്തിൽ കഴകമായി ജോലികിട്ടിയപ്പോൾ പോകാനുള്ള സൗകര്യത്തിനാണ് വാടകവീട്ടിലേക്ക് മാറിയത്. അടുത്തിടെ ജോലി മതിയാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY