
തിരുവനന്തപുരം: നെട്ടയത്ത് പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒൻപതാംക്ലാസുകാരന്റെ ആരോഗ്യനില തൃപ്തികരം. കഴുത്തിലും കവിളിലും പരിക്കുള്ള കുട്ടി ആശുപത്രിയിൽ തുടരുകയാണ്. മുറിവുകൾ ആഴത്തിൽ ഉള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസ്ചാർജ് ചെയ്യുന്ന കാര്യം ഇന്ന് തീരുമാനിക്കും. നെട്ടയത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലാണ് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ വഴക്കുണ്ടായത്. ഇതിന് പിന്നാലെയാണ് പ്ലസ് വൺ വിദ്യാർത്ഥി ഒൻപതാം ക്ലാസുകാരനെ സയൻസ് ലാബിൽ ഉപയോഗിക്കാൻ കൊണ്ടുവന്ന കത്തികൊണ്ട് കുത്തിയതെന്നു പൊലീസ് പറഞ്ഞു. അക്രമം കാട്ടിയ പ്ലസ് വൺ വിദ്യാർത്ഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നു. വീണ്ടും ഹാജരാക്കുകയാണ് ഇന്ന്. കുട്ടിയെ ബോർഡിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തുടർനടപടികൾ ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനിക്കും. മുൻപ് ഇരുവരും തമ്മിൽ സ്കൂളിൽ വഴക്ക് നടന്നിരുന്നു. ഇതിനുപിന്നാലെ രണ്ടു പേരുടെയും രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ചിരുന്നു. ഇത് കഴിഞ്ഞും വഴക്കുണ്ടായെന്നാണ് സൂചന. ഈ വഴക്കിന് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന ബസിലെ പ്രശ്നമെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |