
കോട്ടയം : ഗുണ്ടകൾക്കെതിരെ കർശന നടപടി സ്വീകരിച്ചെന്ന് വരുത്താൻ പൊലീസ് കാപ്പ നിയമ പ്രകാരം സ്വീകരിക്കുന്ന നാടുകടത്തൽ പ്രഹസനമാകുന്നു. കോട്ടയത്തുള്ള ഗുണ്ടയെ അന്യജില്ലയിലേയ്ക്ക് നാടുകടത്തുന്നതോടെ അവിടെ സൈര്യവിഹാരം നടത്തുകയും കൂടുതൽ ബന്ധങ്ങളുണ്ടാക്കി തിരികെ എത്തുകയുമാണ് പതിവ്. രഹസ്യാന്വേഷണ വിഭാഗം ഇതൊട്ട് അറിയുന്നുമില്ല. സ്വന്തം നിലയിൽ അണികളായ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് കഞ്ചാവ് വില്പനയാണ് ക്വട്ടേഷൻ സംഘങ്ങളുടെ പ്രധാന വരുമാന മാർഗം. വീര്യം കൂടിയ മയക്കുമരുന്ന് ആംപ്യൂളുകളും ഹാഷിഷ് ഓയിലും വരെ ഒഴുകുകയാണ്. കാപ്പ ചുമത്തി ഗുണ്ടകളെ റിമാൻഡ് ചെയ്യാനുള്ള അധികാരം കളക്ടർക്കാണ്. എന്നാൽ, ഇതേ നിയമപ്രകാരം ഗുണ്ടകളെ നാടുകടത്താൻ പൊലീസിനുള്ള അധികാരം ഉപയോഗിച്ചാണ് സ്ഥിരം കുറ്റവാളികളെ ജില്ലയ്ക്ക് പുറത്തേക്കു നിശ്ചിത കാലയളവിലേക്കു നാടുകടത്തുന്നത്. ഇത് ബന്ധം വിപുലീകരിക്കാനും സാമ്പത്തികമുണ്ടാക്കാനുമുള്ള അവസരമായി കാണുകയാണ് ക്രിമിനലുകൾ. ഗാന്ധിനഗർ, ചങ്ങനാശേരി, ഏറ്റുമാനൂർ ,കോട്ടയം വെസ്റ്റ്, ഈസ്റ്റ് ,പാലാ, ഈരാറ്റുപേട്ട , മുണ്ടക്കയം സ്റ്റേഷനുകളിൽ ക്രൈംകേസുകൾ ദിനംപ്രതി വർദ്ധിക്കുകയാണ്.
ജാഗ്രതക്കുറവ് വിനയായി
കാപ്പ ചുമത്തി അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ. മൂന്നു കേസുകളിൽ പ്രതികളാവുകയോ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ വയ്‌ക്കുന്നത്. ഇന്നലെ പൊലീസുകാരനെ ചവിട്ടിക്കൊന്ന ജിബിൻജോർജ് ഏഴുകേസുകളിൽ പ്രതിയായിട്ടും പൊലീസ് ജാഗ്രത കാണിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |