തിരുവനന്തപുരം: പവർഹൗസ് റോഡിലെ ഹോട്ടൽ ഫോർട്ട് മാനറിൽ ഇന്നലെയുണ്ടായ ബോംബ് ഭീഷണിയുടെ ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം പോളണ്ടാണെന്ന് പ്രാഥമിക നിഗമനം. ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം തേടി സൈബർ സെല്ലിന്റെ മെയിലിന് മൈക്രോസോഫ്റ്റ് കമ്പനി നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്. എന്നാൽ ഇ-മെയിൽ അയച്ച വ്യക്തിയുടെ ഐ.പി വിലാസം കണ്ടെത്താനായിട്ടില്ല. അതേസമയം മെയിലിന്റെ ഉറവിടം പോളണ്ട് ആവണമെന്നില്ലെന്നും വി.പി.എൻ നെറ്റ്വർക്ക് (വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്) ദുരുപയോഗം ചെയ്തതാവാമെന്നും പൊലീസ് പറയുന്നു.
ഞായറാഴ്ച രാവിലെ 9.30നാണ് ഹോട്ടലിന്റെ മെയിലിലേക്ക് സന്ദേശം എത്തിയത്. ഉച്ചയ്ക്ക്2.30ന് ഹോട്ടലിൽ മനുഷ്യബോംബ് പൊട്ടുമെന്നായിരുന്നു സന്ദേശം. മുംബയ് സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇംഗ്ളീഷിലുള്ള വ്യാജസന്ദേശം എത്തിയത്. ബോംബ് ഭീഷണിയെത്തുടർന്ന് നഗരം രണ്ട് മണിക്കൂറോളം മുൾമുനയിലായിരുന്നു. ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളും പത്തുനിലക്കെട്ടിടം അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നഗരത്തിൽ ആറുമാസത്തിനിടെ ഹോട്ടലുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമെതിരെ എട്ടുതവണ ബോംബ് ഭീഷണി ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |