
നെടുമങ്ങാട്: വീട്ടുമുറ്റത്തെ ചീരക്കൃഷിയുടെ മറവിൽ മണ്ണിനടിയിൽ പ്രത്യേകം തയാറാക്കിയ അറകളിൽ വാറ്റുചാരായവും വൈനും വെടിമരുന്നും സൂക്ഷിച്ച വീട്ടുടമ അറസ്റ്റിൽ.
വലിയമല പനയ്ക്കോട് സ്വദേശി ഭജൻലാലിനെ (32)യാണ് റൂറൽ എസ്.പിയുടെ സ്പെഷ്യൽ ഡാൻസാഫ് ടീം പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും 150 ലിറ്റർ വാറ്റ് ചാരായം, 40 ലിറ്റർ വൈൻ, 300ഗ്രാം വെടിമരുന്ന് മുതലായവയും കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സ്പെഷ്യൽ ടീമംഗങ്ങൾ വീട്ടിൽ പരിശോധന നടത്തിയത്. ചീര കൃഷിയുടെ അടിയിൽ ഷീറ്റ് വിരിച്ച് കുഴികളിൽ പ്രത്യേകം അറകളുണ്ടാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. കാട്ടുപന്നിയെ വേട്ടയാടാൻ വേണ്ടിയാണ് വെടിമരുന്നു നിർമ്മിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.വീട്ടിൽ കാട്ടുപന്നിയുടെ അവശിഷ്ടം കണ്ടെത്തിയതിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷിക്കും.ആവശ്യക്കാർക്ക് 2,000 മുതൽ 3,000 രൂപയ്ക്ക് വാറ്റ് ചാരായം സ്ഥലത്തെത്തിച്ച് നൽകാറാണ് പതിവ്. റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശൻ കെ.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈ.എസ്.പി അരുൺ കെ.എസ്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി, വലിയമല, എസ്.എച്ച്.ഒ പ്രമോദ് കൃഷ്ണൻ, ഡാൻസാഫ് ടീമിലെ ഇൻസ്പെക്ടർ ഓസ്റ്റിൻ ടെന്നിസൺ, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |