ഭർത്താവിനെ കസ്റ്റഡിയിൽ വാങ്ങും
ആലപ്പുഴ: കടബാദ്ധ്യതയെ ചൊല്ലിയുള്ള പ്രശ്നങ്ങളിൽ കായംകുളത്ത് വീട്ടമ്മ കൊല്ലപ്പെട്ടതിനെക്കുറിച്ച് കൂടുതൽ അന്വേഷണത്തിനായി റിമാൻഡിലുള്ള ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. റിട്ട. ദേവസ്വം ബോർഡ് ജീവനക്കാരനായ ശ്രീവൽസൻ പിള്ളയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുളള്ള അപേക്ഷ കോടതിയിൽനൽകി. കൃഷ്ണപുരം
കാപ്പിൽമേക്ക്ശ്രീനിലയം വീട്ടിൽ രാജേശ്വരിയമ്മയെ (48) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വെളിവായതോടെയാണ് സർത്താവ് ശ്രീവൽസൻ പിള്ളയെ അറസ്റ്റ് ചെയ്തത്.
രാജേശ്വരിയമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയ്ക്കുള്ളിൽ ഫോറൻസിക് വിഭാഗം നടത്തിയ തെളിവെടുപ്പിൽ രക്തത്തുള്ളികൾ കണ്ടെത്തി. രാജേശ്വരിയമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ മൂക്കിലും വായിലും നിന്ന് രക്തം വന്നിരുന്നുവെന്ന് ശ്രീവൽസൻ പിള്ള പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെ പുറത്തുവന്ന രക്തത്തുളളികളാകാം മുറിയ്ക്കുള്ളിൽ കട്ടപിടിച്ച നിലയിൽ കണ്ടതെന്നാണ് പൊലീസിന്റെ അനുമാനം. വീട്ടിനുള്ളിൽ ഏണി ചാരി കുരുക്കുണ്ടാക്കിയതിന്റെയും സ്റ്റൂളുകൾ ഇട്ട് രാജേശ്വരിയമ്മയുടെ കഴുത്തിൽ കുടുക്കിടാൻ നടത്തിയ ശ്രമങ്ങളുടെയും തെളിവുകളും ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അതിന് മുമ്പ് ഭാര്യയുമായി ഇരുചക്രവാഹനത്തിൽ പുറത്തുപോയിരുന്ന ശ്രീവൽസൻ പിള്ള വാഹനം എവിടയെങ്കിലും ഇടിപ്പിച്ച് അപായമുണ്ടാക്കാൻ ശ്രമിച്ചതായും പൊലീസിന് സൂചനയുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സി.സി ടിവി ക്യാമറ ദൃശ്യങ്ങളുൾപ്പെടെ കണ്ടെത്തി ശ്രീവൽസൻ പിള്ളയെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. അഞ്ച് ദിവസത്തേക്കാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കട ബാദ്ധ്യതയുടെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയതിലൂടെ ശ്രീവൽസൻ പിളള എന്താണ് അർത്ഥമാക്കിയതെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |