SignIn
Kerala Kaumudi Online
Friday, 23 October 2026 3.57 AM IST

അഞ്ചുപേരുടെയും മൃതദേഹം സംസ്കരിച്ചു, കണ്ണീർ പ്രണാമം 

crime

തിരുവനന്തപുരം: 'സഹിച്ച വേദനങ്ങൾക്ക് പകരം ഇവർക്ക് സ്വർഗം നൽകണേ ' എന്ന് ജനാസ നമസ്‌കാര പ്രാർത്ഥന നടത്തിയപ്പോൾ ഉസ്‌താദിന്റെ കണ്ഠമിടറി.കബറടക്കിന് മുൻപായി പൊതുദർശനത്തിനു വച്ച മൃതദേഹങ്ങൾക്ക് മുന്നിലെ പ്രാർത്ഥനയിൽ പങ്കുചേർന്ന വിശ്വാസികൾ 'അമീൻ ' എന്ന് നിറകണ്ണുകളോടെയാണ് ചൊല്ലിയത്. കണ്ടുനിന്നവർക്കൊന്നും കണ്ണീരടക്കാനായില്ല..

വെഞ്ഞാറമൂട്ടിൽ അരുംകൊല ചെയ്യപ്പെട്ട അഞ്ചുപേരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിൽ എത്തിച്ചപ്പോഴാണ് നാട് ഒന്നടക്കം കണ്ണീരോടെ വിട നൽകാനെത്തിയത്.
പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് 3ഓടെ ഫർസാനയുടെ മൃതദേഹമാണ് ആദ്യം വീട്ടിലെത്തിച്ചത്. വെഞ്ഞാറമൂട് മുക്കുന്നൂരിലെ വീട്ടിനുള്ളിൽ തയ്യാറാക്കിയ സ്ഥലത്താണ് മൃതദേഹം പൊതുദർശനത്തിനു വച്ചത്. പൊന്നുമോളുടെ ചേതനയറ്റ മൃതദേഹം ഒരുനോക്ക് കണ്ട പിതാവ് സുനിൽ തളർന്നുവീണു. അമ്മ ഷീജ കരഞ്ഞു തളർന്നിരിക്കുകയായിരുന്നു.
സഹോദരൻ അമലിന് സങ്കടം അടക്കാനായില്ല. സുഹൃത്തുക്കൾ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. 20 മിനിറ്റ് പൊതുദർശനം. ഇതിനിടെ ഫർസാന പഠിച്ചിരുന്ന അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ സഹപാഠികളടക്കം അവസാനമായി ഒരു നോക്കുകാണാനെത്തി. അടക്കിപ്പിടിച്ച കരച്ചിലും കണ്ണീരൊഴുക്കുന്ന മുഖങ്ങളുമായിരുന്നു എങ്ങും.

വസതിയിലെ പൊതുദർശനത്തിനുശേഷം ഫർസാനയുടെ മൃതദേഹം 4ഓടെയാണ് ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിൽ എത്തിച്ചത്. മയ്യത്ത് നിസ്കാരം കഴിഞ്ഞ് 4.15ഓടെ കബറടക്കി.

ഫർസാനയുടെ പിതാവ് സുനിൽ ചിറയിൻകീഴ് കാട്ടുമുറാക്കൽ ചിറമൂല സ്വദേശിയാണ്. പത്ത് വർഷങ്ങൾക്കു മുൻപാണ് ഇവർ വീടുവച്ച് വെഞ്ഞാറമൂട്ടിലേക്ക് താമസം മാറിയത്.കാട്ടുമുറാക്കൽ ജുമാമസ്ജിദിലെ അംഗമായിരുന്നതിനാലാണ് സംസ്കാരം അവിടെ നടത്തിയത്.


മൂന്നരയോടെ ലത്തീഫ്,ഷാഹിദാ ബീവി എന്നിവരുടെ മൃതദേഹം രണ്ട് ആംബുലൻസുകളിലായി ചുള്ളാളത്തെ വീട്ടിലെത്തിച്ചു.സൽമാബീവിയുടെ മൃതദേഹം താഴെ പാങ്ങോട് ജുമാ മസ്ജിദിലാണ് പൊതുദർശനത്തിനു വച്ചത്. ലത്തീഫിന്റെ വീട് പൊലീസ് സീൽ ചെയ്തതിനാൽ മുറ്റത്താണ് പൊതുദർശനത്തിന് സൗകര്യമൊരുക്കിയത്. കാത്തുനിന്ന നൂറുക്കണക്കിനുപേർ കണ്ണീരോടെ അവസാനമായി രണ്ടുപേരെയും ഒരുനോക്ക് കണ്ടു. ഇവരുടെ പെൺമക്കൾ ജസ്‌നയും,ജെസ്‌ലയും കണ്ണീടക്കാൻ പാടുപെട്ടു. പുല്ലാമല മുസ്ലിം ജമാഅത്ത് ഇമാം ഹസന്റെ നേതൃത്വത്തിലാണ് വീട്ടിലെ ചടങ്ങുകൾ നടന്നത്.

ഏറ്റവും ഒടുവിലാണ് പതിമൂന്നുകാരൻ അഫ്സാന്റെ മൃതദേഹമെത്തിച്ചത്. പൊലീസ് ബന്തവസിൽ സീൽ ചെയ്ത വീട്ടിൽ മൃതദേഹം എത്തിക്കാൻ കഴിയാത്തതിനാൽ പേരുമല ഗവ.എൽ.പി.എസിന് മുന്നിലെ റോഡിൽ ടാർപ്പ കെട്ടിയാണ് പൊതുദർശനത്തിന് സൗകര്യമൊരുക്കിയത്. മൃതദേഹം കാണാൻ നൂറുക്കണക്കിന് അമ്മമാരാണ് കാത്തുനിന്നത്. വാവിട്ടു നിലവിളിച്ചുകൊണ്ടാണ് ഓരോരുത്തരും മൃതദേഹത്തെ അവസാനമായി ഒരുനോക്ക് കണ്ടത്. കാണാനെത്തിയവരുടെ തിരക്ക് കാരണം റോഡിൽ ഏറെനേരം വാഹനഗതാഗത തടസം നേരിട്ടു.
അഫ്സാനെ അവസാനമായി കാണാനെത്തിയ അദ്ധ്യാപികമാർ കണ്ണീരടക്കാൻ പാടുപെട്ടു.പേരുമല ചീഫ് ഇമാം അബ്ദുൽ ലത്തീഫിന്റെ നേതൃത്വത്തിൽ പ്രാർത്ഥനച്ചടങ്ങുകൾ നടത്തി.

നാലുപേരുടെയും മൃതദേഹങ്ങൾ 6മണിയോടെ താഴെ പാങ്ങോട് ജുമാ മസ്ജിദിലേക്ക് ഒരുമിച്ച് എത്തിച്ചപ്പോൾ അവസാനമായി കാണാൻ ആയിരക്കണക്കിന് പേരാണ് എത്തിയത്. തഖ് വീമുൽ അനാം മദ്റസ ഹാളിലായിരുന്നു പൊതുദർശനം.6.20 ഓടെ ഇമാം മുഹമ്മദ് സാദിഖ് മന്നാനി മയ്യത്ത് നിസ്‌കാരം നടത്തി. ശേഷം 6.30 ഓടെ കബർ സ്ഥാനിൽ സംസ്‌കരിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രി ജി.ആർ.അനിൽ,ജില്ലാ സെക്രട്ടറി വി.ജോയി,എ.എ.റഹിം എം.പി,ഡി.കെ.മുരളി എം.എൽ.എ,കോലിയക്കോട് എൻ.കൃഷ്ണൻ നായർ,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി,ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ,എസ്.എഫ്.ഐ ജില്ലാസെക്രട്ടറി എസ്.കെ.ആദർശ്,സി.പി.എം ഏരിയാ സെക്രട്ടറി ഇ.എ.സലിം, പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ്,കെ.പി.സി.സി നിർവാഹക സമിതിയംഗങ്ങളായ ആനാട് ജയൻ,രമണി.പി.നായർ തുടങ്ങിയ നേതാക്കൾ മരണവീടുകളിലും പൊതുദർശനത്തിന് വച്ചയിടങ്ങളിലും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY