
കോഴിക്കോട്: സെെബറിടത്തെ 'ഹൈടെക് തട്ടിപ്പുകൾ ഏറിയതോടെ ജാഗ്രത മുന്നറിയിപ്പുമായി സെെബർ പൊലീസ്. ഓൺലൈൻ സേവനങ്ങളും ഇടപാടുകളും കൂടിയതാണ് തട്ടിപ്പുകാർക്ക് കൊയ്ത്തായത്. ഈ വർഷം രണ്ടുമാസത്തിനകം നാല് കേസുകളിലായി ഒരു കോടിയിലധികം രൂപയാണ് നഷ്ടമായത്. ഷെയർ ട്രേഡിംഗ്, ഫിനാൻഷ്യൽ തട്ടിപ്പുകളാണ് കൂടുതൽ. കഴിഞ്ഞവർഷം 46 കേസുകളിലായി 23 കോടിയിലധികം നഷ്ടമായിരുന്നു. വലിയ തുകകൾ നഷ്ടപ്പെട്ട പരാതികൾ ജില്ലയിലെ പല സ്‌റ്രേഷനുകളിലും ഉണ്ടെന്നാണ് സൈബർ പൊലീസ് പറയുന്നത്. നിലവിലെ ജോലിയ്ക്കൊപ്പം മറ്റൊരു വരുമാന മാർഗം തേടുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നവരിൽ ഏറെയും. ഡോക്ടർമാർ, എൻജിനിയർമാർ, ഐ.ടി പ്രൊഫഷണലുകൾ, ബിസിനസുകാർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ, വിരമിച്ച ഉദ്യോഗസ്ഥർ അടക്കം സൈബർ തട്ടിപ്പുകാരുടെ വലയിൽ വീണിട്ടുണ്ട്. നാണക്കേടുമൂലം പുറത്തുപറയാത്ത കേസുകൾ നിരവധിയാണ്.
ഏറെയും വാട്സാപ്പ് ഹാക്കിംഗ്
സെെബറിടത്തെ വെല്ലുവിളിയായി 'വാട്സാപ്പ് ഹാക്കിംഗ്' വ്യാപകം. സഹായം അഭ്യർത്ഥിച്ചുള്ള വേണ്ടപ്പെട്ടവരുടെ മെസേജുകൾ ശബ്ദ രൂപത്തിലും അല്ലാതെയും എത്തി കബളിപ്പിച്ച് പണം തട്ടുകയാണ് രീതി. വാട്സ് അപ്പ് ഹാക്ക് ചെയ്യുന്ന സംഘം നമ്മുടെ ഫോണിൽ സേവ് ചെയ്ത അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരായി സാധാരണ പോലെ ചാറ്റ് ചെയ്യുകയും പിന്നീട് ഗൂഗിൾ പേ നമ്പരിലേക്ക് പണം അയക്കുമോ എന്ന് ആവശ്യപ്പെടും. അറിയുന്നയാൾ പണം ചോദിക്കുമ്പോൾ മറ്രൊന്നും ചിന്തിക്കാതെ പണം അയക്കും. പിന്നീടാണ് തട്ടിപ്പാണെന്ന് അറിയുക. ഇത്തരം പരാതികളുമായി ദിവസവും രണ്ടും മൂന്നും ആളുകളാണ് സ്റ്രേഷനുകളിലെത്തുന്നത്. വാട്‌സ്ആപ്പ് കേന്ദ്രീകരിച്ച് ഇത്രയധികം തട്ടിപ്പുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. പണം ആവശ്യപ്പെടുന്നതിന് പുറമേ വാട്സ്ആപ്പ് അക്കൗണ്ടിലെ ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോകളും ഉപയോഗിച്ച് ഉടമകളെ ബ്ലാക്ക് മെയിൽ ചെയ്യാനും തട്ടിപ്പുസംഘം ശ്രമിക്കുന്നുണ്ട്. ഒ.ടി.പി നമ്പർ ആവശ്യപ്പെട്ട് പരിചയമുള്ള ആളുകൾ സന്ദേശം അയക്കുകയും പണം ആവശ്യപ്പെടുകയോ ചെയ്താൽ സത്യമാണോ എന്ന് പരിശോധിച്ചശേഷമേ പ്രതികരിക്കാവൂ എന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
തട്ടിപ്പുകൾ
1. ഡിജിറ്റൽ അറസ്റ്റ്
2.ജോലി വാഗ്ദാനം
3. ക്രഡിറ്റ് കാർഡ് മുഖേന
4.വ്യാജ സ്ഥാപനങ്ങളുടെ പേരിൽ
5.ഗൂഗിളിൽ വ്യാജ ഫോൺ നമ്പർ നൽകി
6. ഒ.എൽ.എക്സ് വഴി
7.മാട്രിമോണി മുഖേന
8.എ.ഐ ഉപയോഗിച്ച്
9. ഐ.ആർ.സി.ടി.സി സൈറ്റ് വഴി
10.ഹണി ട്രാപ്പ്
'' തട്ടിപ്പിന് ഇരയാകുന്നവർ വെളിപ്പെടുത്താൻ തയ്യാറാകുന്നുണ്ട്. വ്യക്തി വിവരങ്ങൾ കൈമാറാതിരിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. സൈബർ തട്ടിപ്പിന് ഇരയായാൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ 1930 അല്ലെങ്കിൽ www.cybercrime.gov.in എന്ന വിലാസത്തിൽ റിപ്പോർട്ട് ചെയ്യുകയും വേണം''- വിനോദ് കുമാർ,എസ്.ഐ,
സെെബർ പൊലീസ് സ്റ്റേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |