
ആലപ്പുഴ: കുട്ടനാട് മാമ്പുഴക്കരയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും അപഹരിച്ച കേസിലെ പ്രധാന പ്രതികളായ ദീപ (കല)യെയും മകൾ അഖിലയെയും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം ദീപയുടെ മകൻ അഖിൽ പൊലീസിന്റെ പിടിയിലായതോടെ, സ്ത്രീകൾക്ക് ഇനി അധിക ദിവസം ഒളിവിൽ കഴിയാനാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കസ്റ്റഡിയിലുള്ള അഖിലുമായി രാമങ്കരി പൊലീസ് തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തി. മാമ്പുഴക്കരി വേലിക്കെട്ടിൽ കൃഷ്ണമ്മയുടെ വീട്ടിൽ നിന്ന് കവർന്ന കിണ്ടിയും, ഉരുളിയും കണ്ടെടുത്തു. എന്നാൽ, സ്വർണം എവിടെയാണെന്നതിൽ പ്രതി അടിക്കടി മൊഴി മാറ്റിപ്പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനിടെ തന്റെ സഹോദരി അഖിലയ്ക്ക് കൃത്യത്തിൽ പങ്കില്ലെന്നും, പ്രദേശവാസിയായ മറ്റൊരു യുവാവാണ് ഒപ്പമുണ്ടായിരുന്നതെന്നും അഖിൽ പൊലീസിനോട് പറഞ്ഞു. എന്നാൽ ആദ്യം പിടിയിലായ രാജേഷിന്റെ മൊഴി പ്രകാരം അഖിലയും മോഷണത്തിന് കൂട്ടുനിന്നിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് പൊലീസ് വ്യക്തത വരുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |