
പെരിന്തൽമണ്ണ: പുഴക്കാട്ടിരി ചൊവ്വാണ എൽ.പി സ്‌കൂളിന് സമീപത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വെസ്റ്റ് ബംഗാൾ ബർദ്ദമാൻ സ്വദേശികളായ രാഹുൽ ദാസ് (28), എസ്.കെ. ഹരൻ(50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ, ബീഹാർ, കൊൽക്കത്ത എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവു കടത്തുന്ന സംഘങ്ങളെ കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
നാട്ടിൽ മലയാളികളുൾപ്പെടെയുള്ള ഏജന്റുമാർ മുഖേനയാണ് ആവശ്യക്കാർക്ക് കഞ്ചാവ് വില പറഞ്ഞുറപ്പിച്ച ശേഷം വിൽപ്പന നടത്തുന്നത്. പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് സ്ഥിരമായി അപരിചതരായ ആളുകൾ വരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പ്രതികളെ തടഞ്ഞുവച്ച് പോലീസിലറിയിക്കുകയായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ ബാക്കി കഞ്ചാവ് താമസസ്ഥലത്തു നിന്നുകണ്ടെത്തി. ചെറിയ പായ്ക്കറ്റുകളിലാക്കി പടപ്പറമ്പ്, രാമപുരം, കുറുവ ഭാഗങ്ങളിൽ വിൽപന നടത്താനുള്ള പദ്ധതിയായിരുന്നു. മങ്കട ഇൻസ്‌പെക്ടർ അശ്വതിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. ലഹരി വിൽപ്പനസംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ.പ്രേംജിത്ത് അറിയിച്ചു.
ജില്ലാ ആന്റിനർക്കോട്ടിക് സ്‌ക്വാഡ് എസ്.ഐ. ഷിജോ സി. തങ്കച്ചൻ, കൊളത്തൂർ എസ്.ഐ അശ്വതി കുന്നോത്ത്, എ.എസ്.ഐ ജോർജ് സെബാസ്റ്റ്യൻ, എസ്.സി.പി.ഒമാരായ അഭിജിത്ത്, സുധീഷ് എന്നിവരും ജില്ലാ ആന്റിനാർക്കോട്ടിക് സ്‌ക്വാഡ് ഉദ്യോഗസ്ഥരുമാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്. പിടികൂടിയ പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |