SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

ലഹരിക്കേസ് പ്രതികൾ അസി. പ്രിസൺ ഓഫീസറെ ആക്രമിച്ചു

crime

#ജയിൽ സൂപ്രണ്ടിന്റെ ഓഫീസ് മുറിയുടെ വാതിൽ തകർത്തു

#അക്രമികളിൽ രണ്ടുപേരെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി

ആലുവ: ആലുവ സബ് ജയിലിൽ ലഹരിക്കേസിൽ വിചാരണയിൽ കഴിയുന്ന നാല് പ്രതികൾ അസി. പ്രിസൺ ഓഫീസറെ മർദ്ദിച്ചു. ഗ്ളാസ്ചില്ലുകൊണ്ട് മുറിവേൽക്കുകയും ചെയ്തു. ചെറായി കോട്ടവാതുക്കൽ കെ.ജി. സരിനാണ് (38) പരിക്കേറ്റത്. ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിൽ സൂപ്രണ്ടിന്റെ ഓഫീസിന്റെ ചില്ലുവാതിലും തകർത്തു.

സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് വാഴക്കുളം താഴത്താൻവീട്ടിൽ അഫ്സൽ പരീത് (28), കണ്ണൂർ കൊളച്ചേരി നാറാത്ത് തറമൽ വീട്ടിൽ മുനീസ് മുസ്തഫ (29), ആലപ്പുഴ പുന്നപ്ര പണ്ടിയാലക്കൽ കാല്ലപ്പറമ്പിൽ ചാൾസ് ഡെന്നീസ് (27), എടത്തല കുഴിവേലിപ്പടി ചാലിയിൽ മുഹമ്മദ് അൻസാർ (29) എന്നിവർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. അഫ്സൽ പരീതിനെയും മുനീസ് മുസ്തഫയെയും വൈകിട്ടോടെ ജയിൽ ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. മറ്റുള്ളവരെ മാറ്റുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും.

ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് സംഭവം. ഉച്ചഭക്ഷണത്തിനായി സെല്ലിൽനിന്ന് പുറത്തിറങ്ങിയ അഫ്സൽ പരീത് മറ്റ് സെല്ലുകളിലുള്ളവരുമായി സംസാരിക്കുന്നത് ജയിൽ ഉദ്യോഗസ്ഥർ തടഞ്ഞു. ഈ സമയം 'ജയിൽ നിയമം എന്നെ പഠിപ്പിക്കണ്ട' എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. തുടർന്ന് സൂപ്രണ്ട് ഓഫീസിലേക്ക് ഇയാളെ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ കൂട്ടുകാരായ മറ്റ് മൂന്നുപേരും തടയാൻ ശ്രമിച്ചു. ബലംപ്രയോഗിച്ച് എത്തിച്ചപ്പോഴാണ് മുൻവശത്തെ വാതിലിന്റെ ഗ്ളാസ് തല്ലിപ്പൊട്ടിച്ചത്. ഈ ചില്ലുവച്ച് ആക്രമിച്ചത് തടഞ്ഞപ്പോഴാണ് സരിന് മുറിവേറ്റത്. തള്ളി താഴെയിടുകയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ജയിൽ അധികൃതർ പറവൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി.

350 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതികൾ

2022ൽ അങ്കമാലി പൊലീസ് രജിസ്റ്റർചെയ്ത ലഹരിക്കേസിലെ പ്രതികളാണ് നാല് പേരും. കേസെടുക്കുമ്പോൾ പ്രായപൂർത്തിയാകാത്ത മറ്റൊരാളും ഇവർക്കൊപ്പമുണ്ടായിരുന്നു. 350 ഗ്രാം എം.ഡി.എം.എയായതിനാൽ ഇതുവരെ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നില്ല. വിവിധ ജയിലുകളിലായിരുന്ന ഇവരെ കേസിന്റെ വിചാരണ ആരംഭിച്ചതിനെത്തുടർന്ന് അടുത്തിടെയാണ് ആലുവ സബ് ജയിലിലേക്ക് മാറ്റിയത്. ജുവനൈൽ ഹോമിലായിരുന്ന പ്രായപൂർത്തിയാകാത്തയാളും ഇപ്പോൾ പ്രായപൂർത്തിയായതിനാൽ പ്രതികൾക്കൊപ്പം ഇവിടെയുണ്ട്. എന്നാൽ ഇന്നലത്തെ പ്രശ്നങ്ങളിലൊന്നും ഇയാൾ പങ്കാളിയായിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY