
കോഴിക്കോട്: വിദ്യാർത്ഥി -യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധങ്ങൾക്കിടെ കനത്ത പൊലീസ് കാവലിൽ താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ചു വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷ എഴുതി. ഷഹബാസ് എഴുതേണ്ട പരീക്ഷയാണ്, അവനെ ഇല്ലാതാക്കിയിട്ട് ഇവർ പരീക്ഷ എഴുതേണ്ടെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. കുട്ടികളെ പാർപ്പിച്ച കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലാണ് പരീക്ഷ എഴുതാനായി സൗകര്യം ഒരുക്കിയത്. പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ ഇവിടേക്ക് രാവിലെ മുതൽ പ്രതിഷേധം അണപൊട്ടി. രാവിലെ 6.30 ഓടെ കെ.എസ്.യു പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. പൊലീസ് തടഞ്ഞതോടെ സംഘർഷമുണ്ടായി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ എം.എസ്.എഫും യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി എത്തി. യൂത്ത് കോൺഗ്രസ്, കെ.എസ്.യു സംഘം മതിൽ ചാടി കടന്ന് ജുവനൈൽ ഹോമിന് അകത്ത് കയറി. മൂന്ന് വനിതകൾ ഉൾപ്പെടെ 85 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കുറ്റവാളികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു. പ്രതിഷേധങ്ങൾക്കിടെ കോഴിക്കോട് ഡി.ഇ.ഒയും രണ്ട് ഇൻവിജിലേറ്റർമാരുൾപ്പെടെ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യപേപ്പറുമായി ഇവിടെയെത്തി. ഒബ്സർവേഷൻ ഹോമിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ കൃത്യം 9.30 ന് മലയാളം പരീക്ഷ ആരംഭിച്ചു. ഇടവേളകളിൽ ഒന്നിന് പിറകെ ഒന്നായി യൂത്ത് കോൺഗ്രസ്, എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ ഏഴ് തവണ പ്രതിഷേധിച്ചു. 11.45 ഓടെ പരീക്ഷ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങി.
പ്രതികളായ കുട്ടികളെ താമരശ്ശേരി സ്‌കൂളിൽ എത്തിച്ച് പരീക്ഷ എഴുതിക്കുന്നതിൽ സുരക്ഷാ പ്രശ്നമടക്കം വിലയിരുത്തിയാണ് വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിൽ തന്നെ പരീക്ഷക്കായി പ്രത്യേക സൗകര്യം ഒരുക്കാൻ തീരുമാനിച്ചത്. ഒബ്സർവേഷൻ ഹോം കോമ്പൗണ്ടിൽ അതിക്രമിച്ച്
കയറിയതിനും പൊതുസ്ഥലത്ത് പ്രതിഷേധം നടത്തിയതിനും പ്രവർത്തകർക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തു.
ജുവനെെൽ ഹോമിലേക്ക് നടന്ന സമരത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കേരള വിഷൻ ന്യൂസ് സീനിയർ ക്യാമറാമാൻ സജി തറയിലിനെ എം.എസ്.എഫ് പ്രവർത്തകൻ മർദ്ദിച്ചു. പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ചേവായൂർ പൊലീസിൽ പരാതി നൽകി. ക്യാമറമാനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |