
കല്ലറ: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാനെ ചോദ്യം ചെയ്യലിനായി പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ കസ്റ്റഡി അപേക്ഷയെ തുടർന്ന് ഇന്നലെ രാവിലെ 11ഓടെ നെടുമങ്ങാട് കോടതിയിൽ എത്തിച്ചിരുന്നു.കോടതി നടപടികൾക്കുശേഷം 12ഓടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പാങ്ങോട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
അഫാന്റെ പിതാവിന്റെ ഉമ്മ സൽമാ ബീവിയുടെ കൊലപാതകത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അഫാനെ കസ്റ്റഡിയിൽ വാങ്ങിയത്. പാങ്ങോട് സ്റ്റേഷനിലെത്തിച്ച് ആറ്റിങ്ങൽ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ രാത്രി വൈകിയും ചോദ്യംചെയ്തു.
കൂട്ടക്കൊലയിൽ കുറ്റം സമ്മതിച്ച അഫാൻ കൊലപാതകത്തിലേക്ക് നയിച്ചത് കടബാദ്ധ്യതയാണെന്ന മൊഴി ആവർത്തിച്ചു. കുടുംബത്തിന്റെ കടബാദ്ധ്യതയും ഉമ്മൂമ്മയോടുള്ള കടുത്ത പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഉമ്മൂമ്മയോട് പലതവണ സഹായം ചോദിച്ചു,സ്വർണമാലയടക്കം നൽകാൻ ആവശ്യപ്പെട്ടു.നൽകാത്തതിനാലാണ് ആദ്യം ഉമ്മൂമ്മയെ തന്നെ കൊലപ്പെടുത്തിയതെന്നും, സിനിമകൾ കാണാറുണ്ടെങ്കിലും കൊലപാതകത്തിന് സിനിമ പ്രചോദനമായിട്ടില്ലെന്നും അഫാൻ പറഞ്ഞതായാണ് വിവരം. പ്രതിയെ ഇന്ന് രാവിലെ തെളിവെടുപ്പിനായി കൊല നടന്ന പാങ്ങോട്ടെ സൽമാ ബീവിയുടെ വീട്ടിലെത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |