
പൂവാർ: അന്തർസംസ്ഥാന മയക്കുമരുന്ന് സംഘങ്ങൾ തീരപ്രദേശം കേന്ദ്രമാക്കി വിലസുന്നു. പൊലീസിനെയും എക്സൈസിനെയും കാഴ്ചക്കാരാക്കിയാണ് ഇവർ ലഹരി വസ്തുക്കൾ വാഹനങ്ങളിലെത്തിക്കുന്നത്.
തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലായും മയക്കുമരുന്നുകൾ ഒഴുകുന്നത്. തീരപ്രദേശത്തെ ടൂറസ്റ്റ് കേന്ദ്രങ്ങളാണ് ഇവരുടെ പ്രധാന താവളം. ഇവിടം കേന്ദ്രീകരിച്ച് പൊലീസും എക്സൈസും നടത്തിയ റെയ്ഡിൽ മയക്കുമരുന്നിന്റെ വൻ ശേഖരങ്ങളാണ് പിടികൂടിയിട്ടുള്ളത്.18നും 25നും ഇടയിൽ പ്രായമുള്ളവരെയാണ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏറെയും. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് വില്പന. വിദ്യാർത്ഥികളെ സ്വാധീനിച്ച് ലഹരിക്കടിമയാക്കി പിന്നീട് സാമ്പത്തിക ലാഭം പ്രലോഭനമാക്കി ഇടനിലക്കാരാക്കുകയാണ് പതിവ്. കുട്ടികളെ ആകർഷിക്കാൻ മിഠായി രൂപത്തിലുള്ള ലഹരിവസ്തുക്കൾ, പാനീയങ്ങൾ തുടങ്ങിയവ വിപണിയിലുണ്ട്.
ലഹരിക്കെതിരെ കൈകോർക്കാം
ലഹരിയുപയോഗം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ തീരപ്രദേശത്തെ കുടുംബങ്ങളിൽ സ്വാധീനമുള്ള സഭാനേതൃത്വം ലഹരിക്കെതിരെ പ്രതിരോധിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. പുതിയ തലമുറയെ ലഹരി വിമുക്തമാക്കൻ ഇടവക നേതൃത്വം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. മദ്യം, ലഹരി വസ്തുക്കൾ എന്നിവ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നത് കർശനമായി തടയും. ഏപ്രിൽ 25ന് കൊടിയേറി മേയ് 4 ന് സമാപിക്കുന്ന പുതിയതുറ കൊച്ചടത്വാ തീർത്ഥാടനം ലഹരി മുക്തമാക്കി നടത്താൻ കമ്മിറ്റി തീരുമാനിച്ചു.
സാമൂഹ്യവിരുദ്ധർ
റോഡരികിൽ നിറുത്തിയ പുതിയതുറ സ്വദേശി ആന്റണിയുടെ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം പുലർച്ചെ തീവച്ച് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരുന്നു. പുതിയതുറ കേന്ദ്രീകരിച്ച് അടുത്തകാലത്ത് കഞ്ചാവ് വില്പന ശക്തിപ്രാപിച്ചിരുന്നു. നിരവധിപേരെ പിടികൂടുകയും ചെയ്തു. ഇതേ തുടർന്ന് ഇടവകയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ പ്രവർത്തിച്ച ആളായിരുന്നു ആന്റണി. വൈരാഗ്യത്തെ തുടർന്നാണ് ഓട്ടോറിക്ഷ കത്തിച്ചതെന്ന് കാഞ്ഞിരംകുളം പൊലീസ് ആരോപിച്ചു. തീരദേശത്ത് നടന്ന മോഷണങ്ങളുടെ പിറകിലും ലഹരിമാഫിയയാണ്.
തീരപ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കുന്ന ലഹരി മാഫിയകളെ തുരത്താൻ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കണം
കരുംകുളം രാധാകൃഷ്ണൻ,
പ്രസിഡന്റ്, കരുംകുളം കൾച്ചറൽ സെന്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |