
പോത്തൻകോട്: വലിയതുറ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ഉറുബിന്റെ മകൻ മഞ്ഞമല മേഘമൽഹാറിൽ ഫെർണാസിനെ (20) വഴിയിൽ തടഞ്ഞുനിറുത്തി അതിക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ കഠിനംകുളം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മഞ്ഞമല സോപാനത്തിൽ എസ്.ആർ.സുജിത്ത് (28) ഉൾപ്പെടെ അഞ്ച് പ്രതികൾക്കെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു. സുജിത്തിന്റെ സുഹൃത്തുക്കളായ പുളിമൂട് പ്രജിതാ ഭവനിൽ പി.പ്രണവ് (26),മഞ്ഞമല പുതുവൽ പുത്തൻവീട്ടിൽ എ.പി.ധീരജ് (22),പ്രജുഷ് (26),അമല ഭവനിൽ അമൽ പി.മോഹൻ ( 22)എന്നിവർക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് രാത്രി 10.30ന് മഞ്ഞമല തച്ചപ്പള്ളി എൽ.പി സ്കൂളിന് സമീപത്തായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സുജിത്തിന്റെ ബൈക്ക് ഓവർടേക്ക് ചെയ്തെന്നാരോപിച്ച് ഫെർണാസ് സഞ്ചരിച്ച ബൈക്കിൽ തന്റെ ബെെക്ക് കൊണ്ട് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റി നിലത്തുവീണ ഫെർണാസിനെ സുജിത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം നിലത്തിട്ട് ചവിട്ടുകയും ഹെൽമെറ്റ് കൊണ്ട് മുഖത്ത് മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ ഫെർണാസിന്റെ മുൻവശത്തെ പല്ല് ഇളകി തെറിച്ചു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു. സംഭവശേഷം പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഫർണസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ കേന്ദ്ര മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗൺമാനായിരുന്ന ഉറൂബ് പോത്തൻകോട്ടെ വിവിധ സ്കൂളുകളിൽ മാതൃകാ പി.ടി.എ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അടുത്ത കാലത്താണ് വലിയതുറ സ്റ്റേഷനിൽ എസ്.ഐയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |