
കൊല്ലം: ഡൽഹിയിൽ തമ്പടിച്ച എം.ഡി.എം.എ മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി അഗ്ബെദോ സോളമനെ (29) പൊലീസ് കുടുക്കിയത് വ്യാജ ഫോൺകോൾ വഴി. 90 ഗ്രാം എം.ഡി.എം.എയുമായി ഉമയനല്ലൂർ വടക്കുംക്കര റിജി നിവാസിൽ എ.ഷിജുവിനെ (34) മാടൻനടയിൽ നിന്ന് പിടികൂടിയിരുന്നു. പിന്നാലെ, സാമ്പത്തിക സഹായം നൽകിയ അസിംഖാൻ, എം.ഡി.എം.എ വിതരണം ചെയ്യുന്ന മുഹമ്മദ് റാസിഖ്, ഡൽഹിയിൽ ഏർപ്പാടാക്കി കൊടുക്കുന്ന തിരുവനന്തപുരം സ്വദേശി ഫൈസൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഫൈസലിനെ ചോദ്യം ചെയ്തപ്പോഴാണ് ഡൽഹിയിലെ മൊത്തവിതരണക്കാരനായ നൈജീരിയക്കാരനിലേയ്ക്ക് എത്തിയത്. ഫൈസലമായി ഇരവിപുരം എസ്.എച്ച്.ഒ രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഡൽഹിയിലെത്തി ആവശ്യക്കാരനെന്ന വ്യാജേന ഫൈസൽ വഴി ബന്ധപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ സജിൻ 100 ഗ്രാം എം.ഡി.എം.എ ആവശ്യപ്പെട്ടു. നൈജീരിയയിൽ താമസിക്കുന്ന ഫ്രാൻസിസുമായി വാട്‌സാപ്പിൽ ചാറ്റിംഗ് നടത്തി കച്ചവടം ഉറപ്പിച്ച് സജിന്റെ ഫോട്ടോയും കൈമാറി. ഫ്രാൻസിസിന് വേണ്ടി സോളമനാണ് ഡൽഹിയിൽ എം.ഡി.എം.എ വിതരണം ചെയ്തിരുന്നത്. 100 ഗ്രാമിന് വിലയായി 80,000 രൂപ ഫ്രാൻസിസ് ആവശ്യപ്പെട്ടു. കാശ് തയ്യാറായതായി അറിയിച്ചപ്പോൾ വീഡിയോ കോൾ വഴി കാണിക്കാൻ ആവശ്യപ്പെട്ടു. 500 ന്റെ നോട്ടുകൾ ഇരുഭാഗത്തും വച്ച പേപ്പർ കെട്ട് സജിൻ കാണിച്ചു. ഫ്രാൻസിസ് ഡൽഹിയിലെ ഉത്തം നഗർ ലൊക്കേഷൻ സജിന് അയച്ചുകൊടുത്തു. കഴിഞ്ഞ 27ന് അവിടെത്തിയപ്പോൾ മറ്റൊരു ലൊക്കേഷൻ നൽകി. ഈ ലൊക്കേഷനിൽ എത്തിയപ്പോൾ സോളമൻ അവിടെ നിൽപ്പുണ്ടായിരുന്നു. സോളമൻ പൈസ ആവശ്യപ്പെട്ടു. കാത്തിരുന്ന എസ്.എച്ച്.ഒ രാജീവ് ഉൾപ്പടെയുള്ള സംഘം സോളമനെ പിടികൂടി.
ചേരിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം
ചേരിയായതിനാലും വാഹനസൗകര്യം ഇല്ലാത്തതിനാലും നൈജീരിയക്കാരായ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് പൊലീസിനെ തടഞ്ഞു. തട്ടിക്കൊണ്ട് പോകുന്നുവെന്ന് പറഞ്ഞ് സോളമൻ നിലവിളിച്ചു. അന്വേഷണസംഘം തോക്ക് ചൂണ്ടി ഐഡന്റിറ്റി കാർഡ് കാണിച്ച് ജനക്കൂട്ടത്തെ മാറ്റി. ഓട്ടോറിക്ഷയിൽ അടുത്തുള്ള ഉത്തം നഗർ പൊലീസ് സ്റ്റേഷനിലെത്തി. പിറ്റേന്ന് ഡൽഹിയിലെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി നാട്ടിലെത്തിച്ചു. സി.പി.ഒമാരായ സുമേഷ്, ഷാൻ അലി, സജിൻ, സുമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഇന്ത്യയിലെത്തിയത്
ബിസിനസ് വിസയിൽ
ഒന്നര വർഷമായി സോളമൻ ഡൽഹിയിൽ താമസിച്ചുവരികയാണ്. ബിസിനസ് വിസയിലാണ് എത്തിയത്. പിടിക്കപ്പെട്ടാൽ തെളിവ് ലഭിക്കാതിരിക്കാനാണ് നൈജീരിയയിൽ താമസിക്കുന്ന ഫ്രാൻസിസുമായി ബന്ധപ്പെട്ട് ഡീൽ ഉറപ്പിക്കുന്നത്. കാശ് നേരിട്ടാണ് വാങ്ങുന്നതെന്നും ബാങ്ക് ഇടപാടുകൾ നടത്താറില്ലെന്നും സോളമൻ വെളിപ്പെടുത്തി. പ്രതിയുടെ പാസ്‌പോർട്ടും വിസയും കണ്ടെടുത്തു. വിസയുടെ കാലാവധി മൂന്നുമാസം മുമ്പ് കഴിഞ്ഞിരുന്നു. ഇരവിപുരം സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |