SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

ജില്ലയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകം, തുരന്നെടുത്ത് മാഫിയ, കണ്ണടച്ച് അധികൃതർ

mannu

കോട്ടയം : നിയമങ്ങളെ നോക്കുകുത്തിയാക്കി ജില്ലയിൽ മണ്ണ് മാഫിയ ഭൂമിയിടിച്ച് നിരത്തൽ തുടരുന്നു. റബർ വിലയിടിവിന്റെയും, കെട്ടിട നിർമ്മാണത്തിന്റെയും മറവിലാണ് മണ്ണെടുപ്പ്. തിരഞ്ഞെടുപ്പ് തിരക്കിലമർന്നതോടെ ഉദ്യോഗസ്ഥ പരിശോധനയുമില്ല. കടുത്തുരുത്തി, ഞീഴൂർ, മാഞ്ഞൂർ, കുറവിലങ്ങാട്, പാമ്പാടി, കറുകച്ചാൽ, അയർക്കുന്നം, നെടുംകുന്നം, വടവാതൂർ, മുളക്കുളം, കുറുപ്പന്തറ, പെരുവ, കാപ്പുന്തല എന്നിവിടങ്ങളിലാണ് അനധികൃത മണ്ണെടുപ്പും ചെങ്കല്ല് വെട്ടും വ്യാപകം. വലിയ ലോറിയിൽ ഒരു ലോഡ് മണ്ണെത്തിക്കാൻ 12000 രൂപ വരെയാണ് ഈടാക്കുന്നത്. ചെറിയ ലോറികൾക്ക് 3000 രൂപ വരെയും. റബർ മരങ്ങൾ മുറിച്ചാണ് ഏക്കറുകളുള്ള കുന്നുകൾ ഇടിക്കുന്നത്. മലയോരത്തെ മണ്ണിട്ട് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളായ തിരുവാർപ്പ്, കുമരകം, ചെങ്ങളം തുടങ്ങിയ ഭാഗങ്ങളിലെ പാടശേഖരങ്ങൾ നികത്തുകയാണ്. കുറഞ്ഞ വിലയ്ക്ക് തണ്ണീർത്തടങ്ങളും റബർ തോട്ടങ്ങളും വാങ്ങിയ ശേഷമാണ് മണ്ണിടിക്കലും നികത്തലും. തുടർന്ന് പ്ലോട്ടുകളാക്കി വിൽക്കും.വന്യജീവി ശല്യം വർദ്ധിച്ചതോടെ മലയോര പ്രദേശങ്ങളിൽ കൃഷിയിടങ്ങൾ വെറുതെ കിടക്കുകയാണ്.

കുടപിടിച്ച് സർക്കാർ സംവിധാനങ്ങൾ

പഞ്ചായത്തിൽ നിന്ന് ബിൽഡിംഗ് പെർമിറ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നുള്ള അനുമതി എന്നിവയുടെ മറവിൽ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണ്ണ് മാഫിയയുടെ തേരോട്ടം. പഞ്ചായത്തിൽ കെട്ടിട നിർമ്മാണത്തിനും മണ്ണെടുക്കാനും വില്ലേജ് ഓഫീസ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിലും അപേക്ഷ നല്കണം. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അനുമതി നൽകും. ഒരു ലോഡിന് നിശ്ചിത തുക റോയൽറ്റിയായി സർക്കാരിനടയ്‌ക്കണം. വീട് നിർമ്മാണത്തിന് അനുമതി വാങ്ങി മണ്ണ് നീക്കം ചെയ്ത ശേഷം നിർമ്മാണം നടത്തിയില്ലെങ്കിൽ പിഴ ഈടാക്കാൻ നിയമം ഉണ്ടെകിലും നടപ്പാകുന്നില്ല.

വരുന്നത് ജലക്ഷാമം

മണ്ണിടൽ ജില്ലയിലെ ജലസ്രോതസുകൾക്കും ജലനിധി പദ്ധതിക്കുമെല്ലാം ഭീഷണിയാണ് മണ്ണെടുപ്പ്. ഇത് വേനലിൽ ജല ക്ഷാമവുമുണ്ടാക്കും. ഇതു തടയാൻ ജല സ്രോതസുകൾ വറ്റിക്കുന്ന ഖനനം തടയണമെന്നും അളവിൽ കൂടുതൽ മണ്ണെടുക്കുന്നവരിൽ നിന്ന് പിഴയീടാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

പാസിംഗ് ലോഡും നോക്കുകുത്തി

അമിത ഭാരം ഒഴിവാക്കാൻ സർക്കാർ നിശ്ചയിച്ച പാസിംഗ് ലോഡ് സംവിധാനവും നോക്കുകുത്തിയായി. വലിയ വാഹനങ്ങൾക്ക് 600 അടി മണ്ണ് വരെയും ചെറിയവയ്ക്ക് 150 അടിവരെയുമാണ് അനുമതി. എന്നാൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല.

''അനധികൃത മണ്ണെടുപ്പിനെതിരെ കർശന നടപടി സ്വീകരിക്കണം. ജില്ലാ ഭരണകൂടം നിസംഗത വെടിയണം.

(എബി ഐപ്പ്,കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY