SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

സൂപ്പർഫാസ്റ്റ് ട്രെയിനിൽ സൂപ്പർവേഗത്തിൽ മോഷണം, മുനിയാണ്ടിയെ കൈയോടെ പൊക്കി പൊലീസ്

muniyandi

കൊച്ചി: ചെന്നൈയിൽ പോകാൻ സൂപ്പർഫാസ്റ്റ് ട്രെയിനിൽ കയറിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയുടെ ഔദ്യോഗിക ടാബുമായി മോഷ്ടാവ് കടന്നത് ‘സൂപ്പർ‌’ വേഗത്തിൽ. റെയിൽവേ പൊലീസും ആർ.പി.എഫും മോഷണമുതലുമായി കള്ളനെ കസ്റ്റഡിയിലെടുത്തതും അതിവേഗം. കഴിഞ്ഞദിവസം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിലായിരുന്നു നാടകീയ സംഭവങ്ങൾ.

ചെന്നൈ സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്നീഷ്യനായ ഞാറയ്ക്കൽ നായരമ്പലം വഞ്ചിപ്പുരയ്‌ക്കൽ രമ്യ ഉണ്ണിക്കൃഷ്ണന്റെ ടാബടങ്ങിയ ബാഗാണ് കള്ളൻ കവർന്നത്. നാട്ടിൽ വന്ന് മടങ്ങിയ മകളെ യാത്ര അയക്കാൻ രമ്യയുടെ മാതാവും ഒപ്പമുണ്ടായിരുന്നു. എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് നോർത്ത് സ്റ്റേഷനിലെത്തിയത് വൈകിട്ട് 4.37ന്. എസ് ഒന്ന് റിസർവേഷൻ കോച്ചിലെ 71-ാം നമ്പർ സ്ലീപ്പറിൽ ബാഗ് വെച്ച് മാതാവിനോട് യാത്ര പറയാൻ രമ്യ ട്രെയിനിന്റെ വാതിൽപ്പടിയിലെത്തി. കൃത്യം 4.42ന് ട്രെയിൻ സ്റ്റേഷൻ വിട്ട് സീറ്റിൽ തിരിച്ചെത്തിയപ്പോൾ ബാഗ് കാണാനില്ല.

ടാബിൽ ഔദ്യോഗിക കാര്യങ്ങളുള്ളതിനാൽ രമ്യ ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സ്റ്റേഷനിലെ ആർ.പി.എഫിനെ അറിയിച്ചു. യാത്ര മതിയാക്കി എറണാകുളത്തേക്ക് മടങ്ങി. ഇതിനിടെ റെയിൽവേ പൊലീസും ആർ‌.പി.എഫും നോർത്ത് സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു.

കുപ്രസിദ്ധൻ

കുപ്രസിദ്ധ മോഷ്ടാവ് തിരുനെൽവേലി പുള്ളിയാംകുടി കറുപ്പസ്വാമി സ്ട്രീറ്റിൽ മുനിയാണ്ടിയാണ് (47) പിടിയിലായത്. മോഷണം പോയ ടാബടങ്ങിയ ബാഗും കൈവശമുണ്ടായിരുന്നു. എറണാകുളം റെയിൽവേ പൊലീസിലും ഗുരുവായൂർ ലോക്കൽ പൊലീസ് സ്റ്റേഷനിലും നിരവധി മോഷണക്കേസുകളിൽ പ്രതിയായ മുനിയാണ്ടി അടുത്തിടെയാണ് ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയത്. പ്ലാറ്റ്ഫോമുകളിൽ കറങ്ങിനടന്ന് ട്രെയിനുകളെത്തുമ്പോൾ യാത്രക്കാരുടെ ബാഗുകളും പേഴ്സും കവർന്ന് ഉടൻ തിരിച്ചിറങ്ങുന്നതാണ് ഇയാളുടെ പതിവ്.റെയിൽവേ പൊലീസ് എസ്.ഐ സാജു പോളിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ട്രെയിനിൽ അതിക്രമിച്ച് കയറിയതിനും മോഷണത്തിനുമാണ് കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY