SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

ലഹരിക്ക് പണം നൽകിയില്ല: വാടക വീടിന് സഹോദരീപുത്രൻ തീയിട്ടു

കഴക്കൂട്ടം: ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിലുള്ള വൈരാഗ്യത്തിൽ,​അമ്മയുടെ അനുജത്തിയുടെ വീടിന് തീയിട്ട് യുവാവ്.അണ്ടൂർക്കോണം ആലുംമൂട്ടിൽ ലക്ഷംവീട് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന അമീന - ഷാജഹാൻ ദമ്പതികളുടെ അൻസി മൻസിലിനാണ് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവ് തീകൊളുത്തിയത്. സംഭവശേഷം കീഴടങ്ങിയ മംഗലപുരം സ്വദേശി ഫൈസലിനെ (24) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ബുധനാഴ്ച രാത്രിയോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.ലഹരിമരുന്ന് വാങ്ങാൻ പണമാവശ്യപ്പെട്ട് അമീനയുടെ വീട്ടിലെത്തിയ ഫൈസലിനെ ദമ്പതികൾ ശകാരിച്ചു.ഇതിൽ പ്രകോപിതനായ ഫൈസൽ വീടിന് പുറത്തിറങ്ങി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.തുടർന്ന് വീട് കത്തിക്കുമെന്ന ഭീഷണിയും മുഴക്കി.

വീട്ടുകാർ വിവരമറിയിച്ചതോടെ ഉടൻ മംഗലപുരം പൊലീസെത്തി ഫൈസലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരുമറിയാതെ രക്ഷപ്പെട്ട ഇയാൾ ഇന്നലെ പുലർച്ചെയോടെ വീണ്ടും ഈ വീട്ടിലെത്തി.പൂട്ടിക്കിടന്ന വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അടുക്കളയിൽ കയറി, പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു.ഉഗ്ര ശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ വീടിന്റെ ഭിത്തികൾ തകരുകയും മുഴുവൻ ഗൃഹോപകരണങ്ങളും കത്തിനശിക്കുകയും ചെയ്തു. ഫൈസലിന്റെ ഭീഷണിയെ തുടർന്ന് ഭയപ്പെട്ട അമീനയും കുടുംബവും ഈ സമയം കഠിനംകുളത്തെ ബന്ധുവീട്ടിലേക്ക് പോയതിനാൽ വൻ ദുരന്തം ഒഴിവായി.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം ഫയർഫോഴ്സിൽ നിന്ന് രണ്ട് യൂണിറ്റ് വാഹനങ്ങൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ കാരണം സമീപത്തെ മറ്റ് വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി.​പിന്നാലെ രാവിലെ തന്നെ ഫൈസർ മംഗലപുരം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.ഇയാൾ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY