SignIn
Kerala Kaumudi Online
Sunday, 26 July 2026 7.33 AM IST

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: വയോധികന് 1.43 കോടി നഷ്ടം

കൊച്ചി: ഓഹരിവിപണിയിൽ വൻ ലാഭം നൽകാമെന്ന ഓൺലൈൻ സൈബർതട്ടിപ്പ് സംഘത്തിന്റെ വാക്ക് വിശ്വസിച്ച കൊച്ചി എളമക്കരയിലെ 74 കാരന് നഷ്ടപ്പെട്ടത് 1.43 കോടി രൂപ. വസ്തു പണയപ്പെടുത്തിയും പരിചയക്കാരിൽ നിന്ന് കടം വാങ്ങിയും കൈമാറിയ പണം പോയതിന്റെ ഞെട്ടലിലാണ് വയോധികനും കുടുംബവും.

എളമക്കര പുതുക്കലവട്ടം പാടം ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്നയാളാണ് തട്ടിപ്പിന് ഇരയായത്. നീണ്ടകാലം വിദേശത്ത് എൻജിനിയറായിരുന്നു. അടുത്തിടെയാണ് വാട്സാപ്പ് വഴി ഷെയർ‌മാർക്കറ്റ് ഇടപാടുകാരൻ എന്ന വ്യാജേന പീയൂഷ് ശർമ്മ എന്ന പേരിൽ ഒരാൾ ബന്ധപ്പെട്ടത്. ഓഹരി വിപണിയിൽ ട്രേഡിംഗ് നടത്തിയാൽ ചുരുങ്ങിയ കാലയളവിൽ വൻ ലാഭം കൊയ്യാമെന്ന് പറഞ്ഞ് വിശ്വാസം പിടിച്ചു പറ്റി. ആദ്യം കൈവശമുള്ള പണം നിക്ഷേപിച്ചപ്പോൾ മൂന്നിരട്ടിയോളം ലാഭം കിട്ടിയതായി കാണിക്കുന്ന രേഖകൾ അയച്ചു കൊടുത്തു

ഇതോടെയാണ് വസ്തു പണയപ്പെടുത്തിയും കടം വാങ്ങിയും വലിയ തുക നിക്ഷേപിച്ചത്. കഴിഞ്ഞ ഫെബ്രുവരി 26 മുതൽ മാ‌ർച്ച് 23 വരെയായിരുന്നു ഇത്. ഇതിനിടെ വയോധികന്റെ ബാങ്ക് അക്കൗണ്ടിൽ 23 കോടി രൂപ എത്തിയെന്ന് കാണിക്കുന്ന രേഖകളും തട്ടിപ്പുകാർ അയച്ചു കൊടുത്തു. ലാഭവിഹിതം പിൻവലിക്കാൻ ശ്രമിച്ചതോടെ ഇടപാടുകൾ നിലച്ചു. ഇതിനു ശേഷമാണ് കഴിഞ്ഞദിവസം എളമക്കര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. അക്കൗണ്ടുകൾ കണ്ടെത്തി പണം വീണ്ടെടുക്കാൻ പൊലീസ് ശ്രമം തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY