SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.55 PM IST

സൈബർ തട്ടിപ്പ്: വിദേശ മലയാളി ഡോക്ടറുടെ 15.24 ലക്ഷം പോയി

കൊച്ചി: ഓസ്ട്രേലിയയിലെ സൗത്ത്‌വെയിൽസിൽ പ്രാക്ടീസ് ചെയ്യുന്ന മലയാളി ഡോക്ടർക്ക് സൈബർതട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് 15.24 ലക്ഷം രൂപ നഷ്ടപ്പെട്ടു, മുംബയ് ആസ്ഥാനമായ പ്രമുഖ നിക്ഷേപ, സാമ്പത്തിക സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ഡോക്ടറെ ബന്ധപ്പെട്ടത്.

ആലപ്പുഴ കുട്ടനാട് സ്വദേശിയായ ഡോക്ടറുമായി വാട്സാപ്പിൽ ബന്ധം സ്ഥാപിച്ച ഇവർ ഓൺലൈൻ ഷെയർ ട്രേഡിംഗിൽ നിക്ഷേപിച്ചാൽ വൻ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ചു. 2025 ഒക്ടോബർ 31 മുതൽ ഡിസംബർ 17 വരെ 18 തവണയായി 15,24,870 രൂപ ഡോക്ടർ കൈമാറി.

ആലുവ രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കാലത്ത് കളമശേരിയിൽ ഡോക്ടർക്കുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിൽ നിന്നാണ് തട്ടിപ്പുകാർക്ക് വിവിധ അക്കൗണ്ടുകളിലേക്ക് ഓൺലൈനായി പണം കൈമാറിയത്. ആദ്യ ഇടപാടുകളിൽ കൃത്യമായി ലാഭവിഹിതം നൽകിയതായി കാണിക്കുന്ന രേഖകൾ വാട്സാപ്പിൽ അയച്ചുകൊടുത്തതിനാൽ ഡോക്ടർക്ക് സംശയം തോന്നിയില്ല. പിന്നീട് നിക്ഷേപത്തുകയും ലാഭവും പിൻവലിക്കാൻ ഡോക്ടർ ശ്രമിച്ചപ്പോൾ വിഫലമായതോടെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞു.

നാട്ടിലുള്ള സഹോദരൻ ആലപ്പുഴ സൈബർസെല്ലിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. കളമശേരിയിലെ ബാങ്കിൽ ഇടപാട് നടന്നതിനാൽ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. കൊച്ചി സിറ്റി സൈബർ പൊലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു. സൈബർതട്ടിപ്പിന് പുറമെ, ആൾമാറാട്ടത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY