SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.44 AM IST

പുൽപ്പള്ളിയിൽ മോഷണ പരമ്പര പൊലീസിന്റെ വലയിൽ  കുടുങ്ങാതെ മോഷ്ടാക്കൾ 

rr

പുൽപ്പള്ളി: പുൽപ്പള്ളിയിൽ പൊലീസിനെ വെല്ലുവിളിച്ച് തുടർച്ചയായ നാലാം ദിനവും മോഷണശ്രമം നടന്നത് ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മോഷണം നടന്ന മുസല്ല്യാരകത്ത് ഹക്കിമിന്റെ ജേഷ്ഠൻ സിദ്ധിഖിന്റെ വീട്ടിലും, ജനുവരിയിൽ 19 പവൻ മോഷ്ടിക്കപ്പെട്ട ചുണ്ടക്കൊല്ലിയിലെ പ്രതാപിന്റെ വീടിന് മുൻവശത്തുള്ള അനീഷിന്റെ വീട്ടിലുമാണ് ഒടുവിലായി മോഷണശ്രമങ്ങൾ ഉണ്ടായത്. നേരത്തെ മോഷണം നടന്നതിന് തൊട്ടടുത്ത വീടുകളിൽ തന്നെ വീണ്ടും മോഷ്ടാവെത്തുന്നത് പൊലീസിനെ പ്രതിരോധത്തിലാക്കാനും വെല്ലുവിളിക്കാനുമാണെന്ന് നാട്ടുകാർ കരുതുന്നു. ടൗണിന് സമീപത്തെ ജനവാസ മേഖലകളിലാണ് മോഷ്ടാവിന്റെ വിളയാട്ടം തുടരുന്നത്. തിങ്കളാഴ്ച രാത്രി ലയൺസ് ക്ലബ്ബിന് സമീപത്തെ വീടുകളിൽ മോഷണശ്രമം നടന്നെങ്കിലും നാട്ടുകാരുടെ ജാഗ്രതയെത്തുടർന്ന് മോഷ്ടാവിന് രക്ഷപ്പെടേണ്ടി വന്നു. അന്ന് രാത്രി ആദ്യം ലയൺസ് ക്ലബ്ബിന് സമീപമുള്ള ഡോ. റീത്താ റോയിയുടെ വീട്ടിലാണ് മോഷ്ടാവെത്തിയത്. ഗോവണിയിലൂടെ മുകളിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ശബ്ദം കേട്ട് അയൽവാസികൾ ഉണർന്നു. തുടർന്ന് നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുന്നതിനിടെ നാലു വീടിനപ്പുറമുള്ള മച്ചിങ്കുളം ഫക്രുദ്ദീന്റെ വീടിന് സമീപം മോഷ്ടാവിനെ കണ്ടു. നാട്ടുകാർ പിന്തുടർന്നതോടെ അടുത്തുള്ള തോട്ടത്തിലൂടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി ആനപ്പാറയിലെ രണ്ട് വീടുകളിലും, ഞായറാഴ്ച പുലർച്ചെ മുസല്യാരകത്ത് ഹക്കീമിന്റെ വീട്ടിലും മോഷണം നടന്നു. ഹക്കീമിന്റെ വീട്ടിൽ നിന്ന് ഉറങ്ങിക്കിടന്ന കുട്ടിയുടെ ദേഹത്തുനിന്നും അലമാരയിൽ നിന്നുമായി സ്വർണ്ണാഭരണങ്ങളും 5000 രൂപയുമാണ് കവർന്നത്. സമീപത്തെ സൗപർണ്ണികയിൽ ഷീലയുടെ വീടിന്റെ വാതിൽ തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കൂടാതെ കുന്നത്ത്കുഴി ബെന്നിയുടെ വീട്ടിൽ നിന്ന് 13,000 രൂപ മോഷ്ടിച്ചു. കല്ലിങ്കൽ ദേവസ്യയുടെ വീട്ടിലും മോഷണശ്രമം നടന്നു. പുൽപ്പള്ളി പൊലീസ് സ്റ്റേഷന്റെ വെറും 500 മീറ്റർ ചുറ്റളവിലാണ് ഈ സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത് എന്നത് ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും മോഷ്ടാവ് മുഖം മറച്ചിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മേഖലയിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും മോഷ്ടാവിനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY