SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

കാസർകോട്ട് ഡ്രൈവറെ തലയ്ക്കടിച്ചു കൊന്നു പ്രതികളെ കുറിച്ച് സൂചനലഹരിസംഘത്തെ കേന്ദ്രീകരിച്ച്  അന്വേഷണം

1

കാസർകോട്: സീതാംഗോളിയിൽ കോഴിവണ്ടിയുടെ ഡ്രൈവറെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബപ്പാലിപൊന്നം പാടലടുക്കം കണ്ണേപ്പാടിക്കടുത്ത് താമസിക്കുന്ന ഉപ്പി എന്ന സഫായത്ത് (36) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തലയുടെ പിൻഭാഗം തകർന്ന് തലച്ചോർ പുറത്ത് വന്ന നിലയിലായിരുന്നു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് നിന്നും പൊലീസിന് കിട്ടിയിട്ടുണ്ട്. ആസൂത്രിത കൊലപാതകമാണെന്ന വിവരമാണ് പുറത്ത് വരുന്നത്. കൊലപാതകം നടന്ന സീതാംഗോളി ബിവറേജ് പരിസരം ലഹരി മാഫിയയുടെ താവളമാണ്.
രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ സഫായത്തിനെ കണ്ട നാട്ടുകാർ കുമ്പള പോലീസിൽ അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പൊലീസ് ആദ്യം കുമ്പള സഹകരണ ആശുപത്രിയിലേക്ക് യുവാവിനെ എത്തിച്ചു.മരണം സ്ഥിരീകരിച്ചതിന് പിന്നാലെ പോസ്‌റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിലേക്ക് മൃതദേഹം മാറ്റി. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന മാരകായുധങ്ങൾ മൃതദേഹത്തിന് സമീപത്ത് നിന്നും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെ ഏറെക്കുറെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരെക്കുറിച്ച് സഫായത്തിന്റെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

വിവരമറിഞ്ഞ് ജില്ലാ പൊലിസ് മേധാവി ബി.വി.വിജയ ഭരത് റെഡി, കാസർകോട് എ.എസ്.പി അച്യുത് അശോക് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.

കൊലപാതകം നടക്കുന്നതിന് തലേദിവസം സ്ഥലത്ത് ഇരുസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി പറയപ്പെടുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് അന്ന് അക്രമികളെ തുരത്തിയത്. ഈ അക്രമത്തിന്റെ പേരിൽ കൊല്ലപ്പെട്ട യുവാവിന്റേയടക്കം മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചുവച്ചതായും വിവരമുണ്ട്. തലേന്നുണ്ടായ സംഘർഷത്തിൽ സഫായത്തിന്റെ മുഖത്ത് പരിക്കേറ്റിരുന്നു. ഈ സംഘർഷത്തിന്റെ തുടർച്ചയാകാം കൊലപാതകമെന്നും സംശയിക്കപ്പെടുന്നു.

ബാപ്പാലിപ്പൊന്നത്തെ ഡ്രൈവർ ഇബ്രാഹിം - പരേതയായ ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ : തബ്ഷീറ എന്ന ബീഫാത്വിമ. മക്കൾ : നിനാൻ (പത്ത്), തമീസ് (ആറ്), സമീസ് (മൂന്ന്), ദുആ മെഹക്ക് (എട്ട് മാസം). സഹോദരങ്ങൾ: മുസ്‌തഫ, താഹിറ , കലന്തർ ഷാ ,ഫൗസിയ, സെമീറ, സഹദ്, അബ്ദുൾ സലാം .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, MURDERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY