SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

നിശാപാർട്ടി നിയന്ത്രണം ലംഘിച്ചു:  ബാർ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്

d

ഡി.ജെ പാർട്ടി നീണ്ടത് പുലർച്ചെ 3വരെ

കൊച്ചി: നിശാപാർട്ടികൾ രാത്രി 11ന് അവസാനിപ്പിക്കണമെന്ന സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശം ലംഘിച്ച് പുലർച്ചെ വരെ ഡി.ജെ പാർട്ടി സംഘടിപ്പിച്ച ബാർ റസ്റ്റോറന്റ് ഉടമയ്ക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. കടവന്ത്ര എളംകുളത്തെ റാഡിസൺ ബ്ലൂ ഹോട്ടലിന്റെ ഭാഗമായ റസ്റ്റോ ബാറിനെതിരെയാണ് നടപടി.

30ന് പുലർച്ചെ മൂന്ന് വരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് നിശാപാർട്ടി നടന്നത്. ഡി.ജെ പാർട്ടി രാത്രി 11ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തലേദിവസം പൊലീസ് ബാറിന് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകമാണ് നിയമലംഘനം നടന്നത്. നിശാപാർട്ടികൾക്ക് സമയപരിധി ഏർപ്പെടുത്തിയ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശം അറിയിക്കാൻ എറണാകുളം സെൻട്രൽ അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണർ വിളിച്ചുചേർത്ത യോഗത്തിലും ബാർ പ്രതിനിധി പങ്കെടുത്തിരുന്നു.

പഞ്ചനക്ഷത്ര പദവിയുള്ള ബാറിന് പുലർച്ചെ മൂന്ന് വരെ പ്രവർത്തിക്കാൻ ലൈസൻസുണ്ട്. അഞ്ച് ലക്ഷം രൂപ അധികമായി അടച്ചാണ് പ്രത്യേക അനുമതി നേടിയത്. ഇതിന്റെ മറവിലാണ് പുലർച്ചെ വരെ ഡി.ജെ നടത്തിയത്. ഈ ബാറിലെ ഡി.ജെ പാർട്ടികൾ ഏതാനും ദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞമാസം ബാറിൽ ഡി.ജെക്കിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5,000 രൂപയുടെ മദ്യവും 10,000 രൂപയുടെ ക്രിസ്റ്റൽ ഗ്ലാസുകളും 50,000 രൂപയുടെ ടേബിൾ സോഫാ സെറ്റും തകർന്നിരുന്നു. കടവന്ത്ര പൊലീസ് എത്തിയപ്പോഴേക്കും സംഘർഷമുണ്ടാക്കിയവർ കടന്നുകളഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളുണ്ട്. ഹോട്ടലിന്റെയും ബാർ റസ്റ്റോറന്റിന്റെയും ലൈസൻസികൾ വ്യത്യസ്ത വ്യക്തികളാണ്.

ഭാരതീയ ന്യായസംഹിതയിലെ 233-ാം വകുപ്പാണ് ലൈസൻസിക്കെതിരെ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു. ഈ വകുപ്പ് പ്രകാരം കോടതിയുടെ അനുമതിയോടെ മാത്രമേ ബാർ ഉടമയ്ക്കെതിരെ പൊലീസിന് തുടർനടപടി സ്വീകരിക്കാൻ സാധിക്കൂ. കമ്മീഷണറുടെ വിലക്ക് ലംഘിച്ച സാഹചര്യത്തിൽ ബാർ പരിസരത്ത് പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കി. മദ്യപിച്ച് വാഹനമോടിച്ചതിന് പരിസരത്തെ റോഡുകളിൽ നിന്ന് കണ്ണൂർ ചോളപ്പറമ്പിൽ സ്വദേശിയായ യുവാവിനെയും എറണാകുളം പൊന്നുരുന്നി സ്വദേശിയായ യുവാവിനെയും വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ERNAKULAM, CASEDAIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY