SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.44 AM IST

മുക്കുപണ്ട മാഫിയ സജീവം : പണയ സ്ഥാപനങ്ങളിൽ തട്ടിപ്പ് വ്യാപകം

gg

കൊടുങ്ങല്ലൂർ : പണയ സ്ഥാപനങ്ങളിൽ സ്വർണം എന്ന വ്യാജേന മുക്കുപണ്ടം വരുന്നത് സ്വകാര്യ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തലവേദനയാകുന്നു. പണയം വയ്ക്കാൻ വരുന്നവരിൽ നിന്ന് തിരിച്ചറിയൽ രേഖയുടെ പകർപ്പ് വാങ്ങിയാണ് സാധാരണ പണയമെടുക്കാറുള്ളത്. എന്നാൽ ജോലി സംബന്ധമായി സ്ഥലം മാറി താമസിക്കുന്നതിനാൽ ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലവും മേൽവിലാസവും ദൂരെ സ്ഥലങ്ങളായിരിക്കും കാണിക്കുന്നത്. പണയം എടുക്കില്ലെന്ന് പറഞ്ഞാൽ ആശുപത്രി കേസ് അടക്കമുള്ള അടിയന്തര ആവശ്യങ്ങൾ പറഞ്ഞു ചെറിയ തുക ആവശ്യപ്പെടും. പണയം എടുക്കാതെ വന്നാൽ ഇതു വിറ്റാൽ മുതലാകുമെന്ന വിശ്വാസത്തിൽ സ്ഥാപനങ്ങൾ പണയം എടുക്കുകയും ചെയ്യും. ആദ്യം തുച്ഛമായ തുകയ്ക്ക് പണയം വയ്ക്കും. അത് എത്രയും പെട്ടെന്ന് തിരിച്ചെടുക്കും. വീണ്ടും ഒന്നു രണ്ടുതവണ ആവർത്തിച്ച് സ്ഥാപനത്തിന്റെ വിശ്വാസം നേടിയ ശേഷം വലിയ തുകയ്ക്ക് പണയം വച്ച് മുങ്ങുകയാണ് പതിവ്. വിലാസം തിരക്കി പോകുമ്പോൾ മാത്രമാണ് ഫോട്ടോ വെട്ടിയൊട്ടിച്ച വ്യാജ തിരിച്ചറിയൽ കാർഡാണെന്ന് തിരിച്ചറിയുന്നത്. അടുത്തിടെയായി മതിലകത്തും പുതിയകാവിലും പണയവ്യാപാര സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള മുക്കുപണ്ടം തട്ടിപ്പ് ഉണ്ടായി. സാധാരണ ഗതിയിൽ അപ്രൈസർമാർ സ്വർണ മാല, കൈ ചെയിൻ, പാദസരം എന്നിവയുടെ കൊളുത്തിന്റെ ഭാഗമായിരിക്കും ഉരച്ചു നോക്കുന്നത്. ഇതറിയാവുന്ന വ്യാജന്മാർ കൊണ്ടുവരുന്ന പണയ സ്വർണത്തിന്റെ ഈ ഭാഗം സ്വർണവും ബാക്കിഭാഗം വ്യാജവുമായിരിക്കും. വളയാണെങ്കിൽ അതിന്റെ പുറത്ത് മാത്രം സ്വർണം പൂശിയിരിക്കും. ഇവ മുറിച്ചു നോക്കിയാൽ മാത്രമെ വ്യാജനാണോയെന്ന് അറിയാൻ കഴിയൂ. പൊലീസിൽ പരാതിപ്പെട്ടാലും രക്ഷയില്ല. നിയമ പഴുതിലുടെ രക്ഷപ്പെടും. മുക്കുപണ്ട മാഫിയയുടെ അനധികൃത പ്രവർത്തനം തടയുകയും അവരെ പൂർണമായും ഉന്മൂലനം ചെയ്യുന്നതിനായി ആവശ്യമായ നിയമനിർമാണം നടത്തണമെന്ന് ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി നിലവിലുള്ള നിയമത്തിലെ സെക്ഷൻ 18 (8)ൽ ആവശ്യമായ ഭേദഗതി വരുത്തണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY