
ആലപ്പുഴ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്ക് ഏഴു വർഷം കഠിനതടവും 17000 രൂപ വീതം പിഴയും ശിക്ഷ. ഹരിപ്പാട് പഞ്ചായത്ത് എട്ടാം വാർഡിൽ വാലുപറമ്പിൽ വീട്ടിൽ ഷിജീവ് (37), പള്ളിപ്പാട് പാലത്തുംപാട്ടിൽ വീട്ടിൽ സന്തോഷ് കുമാർ(50), ഹരിപ്പാട് പ്രഭാഷ് ഭവനത്തിൽ പ്രഭാഷ് (38), പ്രദീപാലയം വീട്ടിൽ പ്രദീപ് (39) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്.
2013നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിപ്പാട് പഞ്ചായത്ത് 8 -ാം വാർഡിൽ പുലാപ്പുഴ തെക്ക് മുറിയിൽ കാവുപറമ്പിൽ വീട്ടിൽ അനീഷ് കുമാറിനെ വീടിന് സമീപത്തുവച്ച് രണ്ട് മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഒന്നാം പ്രതി ഷിജീവിനെ മുമ്പ് ആക്രമിച്ചതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. ഷിജീവ് വാളുകൊണ്ട് അനീഷ് കുമാറിന്റെ വലതു ചെവിയുടെ ഭാഗത്ത് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. വീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അനീഷ് കുമാറിനെ പിന്തുടർന്ന് വീട്ടിൽ എത്തിയ പ്രതികൾ തടയാൻ ശ്രമിച്ച അമ്മ വിജയമ്മയെയും നാട്ടുകാരൻ സുജേഷിനെയും ആക്രമിച്ചു. ഹരിപ്പാട് സ്റ്റേഷനിലെ എസ്.ഐമാരായ നന്ദഗോപാൽ , ബിജു വി.നായർ,സി.ഐമാരായ കെ.എസ്.ഉദയഭാനു ,ടി.മനോജ് എന്നിവർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ, എസ്.സി.പി.ഒ രജനീഷ് ബാബു, സി.പി.ഒ സി.അമൽ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു . പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ എൻ.ബി.ശാരി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |