
കിഴക്കമ്പലം: പട്ടിമറ്റം ചെങ്ങരയിലെ റബർതോട്ടത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര ജിജോയുടെ (ജോൺ - 53) മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് ജിജോയ്‌ക്കൊപ്പമുണ്ടായിരുന്ന മദ്യപസംഘത്തിലെ അംഗങ്ങളെയാണ് ഞായറാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നത്. ഇവരുടെ അറസ്റ്റ് നിലവിൽ രേഖപ്പെടുത്തിയിട്ടില്ല.
ജിജോയുടെ മരണത്തിൽ ദുരൂഹത ശക്തമായ സാഹചര്യത്തിലാണ് പൊലീസ് നടപടി. കളമശേരി സഹകരണ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ജിജോയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റതായും തലച്ചോറിൽ അമിതരക്തസ്രാവം ഉണ്ടായതായും കണ്ടെത്തി. ഇതോടെയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
വ്യാഴാഴ്ച രാത്രി സുഹൃത്തുക്കളായ രണ്ടുപേർക്കൊപ്പം ചെങ്ങരയിലെ റബർതോട്ടത്തിൽ മദ്യപിക്കാനെത്തിയ ജിജോയെ വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായ ജിജോയെ മദ്യലഹരിയിലാണെന്ന് കരുതി തോട്ടത്തിന് സമീപത്തെ ടാർപോളിൻ കെട്ടിയ സ്ഥലത്ത് കിടത്തിയശേഷം സുഹൃത്തുക്കൾ മടങ്ങിയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമികവിവരം.
എന്നാൽ, അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ സംഭവത്തിൽ കൂടുതൽ സംശയങ്ങൾ ഉയർത്തുന്നു. തോട്ടത്തിലേക്ക് പോകുന്ന വഴിയിൽ ജിജോ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നതായി ഒരാൾ മൊഴി നൽകിയിരുന്നു. എന്നാൽ സമീപപ്രദേശങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജിജോയും സുഹൃത്തുക്കളും ഒരുമിച്ചല്ല തോട്ടത്തിലെത്തിയതെന്ന് വ്യക്തമായി.
രാത്രി വൈകിയും ജിജോ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഭാര്യ ഫ്ലോറി സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് റബർതോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത കുന്നത്തുനാട് പൊലീസ്, സുഹൃത്തുക്കളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും സി.സി ടിവി ദൃശ്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |