
കോലഞ്ചേരി: അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചാൽ ആഴ്ചതോറും 12,000 രൂപ ലാഭവിഹിതവും ഉത്പന്ന വില്പനയ്ക്ക് കമ്മീഷനും നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ എമ്പയർ മോർബി ട്രേഡേഴ്സ് സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കുമെതിരെ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. കീഴ്മാട് എരുമത്തല പള്ളിക്കുന്നേൽ സാബു ജോൺ നൽകിയ പരാതിയിലാണ് നടപടി.
പട്ടിമറ്റം വലമ്പൂർ ഞാറ്റുംകാലയിൽ എബിൻ എൻ. സൈമൺ, ഭാര്യ സോജി സേവ്യർ, സ്ഥാപനത്തിലെ ജീവനക്കാരായ ദിനൂപ്, സിജോ എന്നിവർക്കെതിരെയാണ് കേസെടുത്തത്. സ്ഥാപനത്തിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കുകയും കണക്കെഴുത്ത് ജോലി ചെയ്യുകയും ചെയ്താൽ ആഴ്ചയിൽ 12,000 രൂപ ലാഭവിഹിതം നൽകാമെന്നും ഉത്പന്നങ്ങൾ വിൽക്കുന്നതിലൂടെ കമ്മീഷൻ ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയതെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ നിക്ഷേപിച്ച തുകയും വാഗ്ദാനം ചെയ്ത ലാഭവിഹിതവും തിരികെ നൽകാതെ പ്രതികൾ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. സാബു ജോൺ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ ഹാജരായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |