
പിടിയിലായത് എറണാകുളത്ത്
ട്രെയിൻ ഇറങ്ങിയപ്പോൾ
കൊച്ചി: ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്‌തിരുന്ന മലയാളി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹപ്രവർത്തകനായിരുന്ന ബീഹാർ മുങ്കേർ ഹരിനഗർ സ്വദേശി ഹൻസ് രാജിനെയാണ് (21) മരട് സി.ഐ എ.ബി വിബിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പ്രതി സൗഹൃദം നടിച്ചാണ് യുവതിയുടെ മൊബൈൽ ഫോണിലെ ഗാലറിയിൽ നിന്ന് പടങ്ങൾ കൈക്കലാക്കിയത്. ജോലി സമയത്ത് ഫോൺ ഉപയോഗിക്കാൻ വിലക്കുള്ളതിനാൽ സ്റ്റോർ മുറിയിലാണ് ജീവനക്കാരുടെ ഫോണുകൾ സൂക്ഷിക്കുന്നത്. ഫോണിന്റെ പാസ്‌വേഡ് യുവതിയിൽ നിന്ന് സൂത്രത്തിൽ മനസിലാക്കിയ ഹൻസ്രാജ് സ്റ്റോർമുറിയിൽ നിന്ന് ഫോൺ എടുത്ത് യുവതിയുടെ ചിത്രങ്ങൾ സ്വന്തം ഫോണിൽ അപ്പ്‌ലോഡ് ചെയ്തു.
തന്റെ പക്കലുള്ള പടങ്ങൾ യുവതിക്ക് അയച്ചാണ് പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയത്. പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്നും പറഞ്ഞു. വൻ തുകയാണ് ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പണം നൽകാൻ സാധിച്ചില്ലെങ്കിൽ യുവതി ബീഹാറിലെ ഗ്രാമത്തിൽ എത്തി തനിക്ക് വഴിപ്പെടണമെന്നും ആവശ്യപ്പെട്ടു.
യുവതി വഴങ്ങാതിരുന്നതിനെ തുടർന്ന് യുവതിയുടെ ബന്ധുക്കൾക്ക് ഫോട്ടോകൾ അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടു. ഇതോടെ ഹൈദരാബാദിലെ ജോലി മതിയാക്കി തിരിച്ചെത്തിയ യുവതി നാട്ടിൽ ജോലിക്ക് പ്രവേശിക്കുകയും പനങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും ചെയ്തു. പണം നൽകാമെന്ന് പറഞ്ഞ് ഇയാളെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എറണാകുളം-പറ്റ്ന എക്‌സ്‌പ്രസ് ട്രെയിനിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഫോണും കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |