അന്തിക്കാട്: വീടുകളിൽനിന്ന് ചെമ്പുപാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയതിനെത്തുടർന്ന് മണലൂരിൽ ആശങ്ക. പതിനഞ്ചോളം പേർ അടങ്ങുന്ന നാടോടി സ്ത്രീകളുടെ സംഘം മൂന്നും നാലും പേരടങ്ങുന്ന ചെറുസംഘങ്ങളായി തിരിഞ്ഞ് വീടുകൾ കയറിയിറങ്ങുന്നതായാണ് നാട്ടുകാരുടെ പരാതി. ഒരു വീട്ടിൽനിന്ന് കാൽലക്ഷം രൂപയിലേറെ വിലവരുന്ന ചെമ്പുപാത്രങ്ങൾ മോഷണം പോയതായും ആരോപണമുണ്ട്. കമ്പനിപ്പടി, ബാങ്ക് സെന്റർ മേഖലകളിലാണ് സംഘത്തിന്റെ സാന്നിദ്ധ്യം കൂടുതൽ.
മൂന്നുദിവസം മുൻപാണ് സംഘം പ്രദേശത്ത് എത്തിയതെന്ന് നാട്ടുകാർ പറയുന്നു. വീടുകളുടെ പരിസരത്തേയ്ക്കും പറമ്പുകളിലേക്കും നിമിഷനേരം കൊണ്ട് കടന്നെത്തുന്ന സംഘം ലഭിക്കുന്ന സാധനങ്ങൾ എടുത്ത് വേഗത്തിൽ കടന്നുകളയുന്നതാണ് പതിവെന്ന് നാട്ടുകാർ പറയുന്നു. സാധനങ്ങൾ സാരിക്കുള്ളിലും ഭാണ്ഡത്തിനുള്ളിലും ഒളിപ്പിച്ചാണ് കൊണ്ടുപോകുന്നത്.
കഴിഞ്ഞ ദിവസം മണലൂർ ബാങ്ക് സെന്റർ പരിസരത്തെ തിണ്ടിയിൽ സന്തോഷിന്റെ വീട്ടിൽ സംഘം അതിക്രമിച്ചുകയറിയതിന്റെ സി.സിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വീടിന്റെ പിൻവശത്തെ ഷെഡ് തുറക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ സംഘത്തിലെ ചിലർ മതിൽ ചാടി രക്ഷപ്പെട്ടു. സമീപത്തെ നിരവധി വീടുകളിൽനിന്നും സംഘം സാധനങ്ങൾ മോഷ്ടിച്ചതായും ആരോപണമുണ്ട്. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |