SignIn
Kerala Kaumudi Online
Sunday, 26 July 2026 2.07 AM IST

തൃക്കരിപ്പൂരിൽ യുവാവിനെ അടിച്ചുകൊന്ന് വീടിന് അടുത്ത് കൊണ്ടിട്ടു; കൊലക്ക് പിന്നിൽ ഏഴംഗസംഘം

priyesh

അഞ്ച് പേരെ ചോദ്യം ചെയ്യുന്നു

രണ്ട് പേർ കസ്റ്റഡിയിൽ

കാസർകോട് :തൃക്കരിപ്പൂർ മെട്ടമ്മൽ വയലോടിയിൽ യുവാവിനെ അടിച്ചു കൊന്ന സംഘം മൃതദേഹം വീടിനു സമീപം ഉപേക്ഷിച്ചു. വയലോടിയിലെ കൊടക്കൽ കൃഷ്ണൻ- അമ്മിണി ദമ്പതികളുടെ മകൻ പ്രിയേഷിനെയാണ് (32) ഇന്നലെ രാവിലെ വീടിനു സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്.കൊലക്ക് പിന്നിൽ ഏഴംഗസംഘമാണെന്ന് പോലീസിന് വിവരം ലഭിച്ചു. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വീട്ടിൽ നിന്ന് വിളിച്ചുവരുത്തിയ സംഘം യുവാവിനെ അടിച്ചുകൊലപ്പെടുത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. യുവാവിന് നേരത്തെ ഭീഷണിയുള്ളതായി വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവാവ് ഉപയോഗിക്കുന്ന ബുള്ളറ്റിന് സമീപം കൈകൾ കെട്ടി മലർന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. വീടിന് നൂറു മീറ്റർ അടുത്തുള്ള പറമ്പിൽ ദേഹമാസകാലം ചെളിയിൽ പുരണ്ട നിലയിൽ ആയിരുന്നു മൃതദേഹം.

രാത്രി എട്ടേമുക്കാലിന് വീട്ടിൽ നിന്നും പോകുമ്പോൾ ധരിച്ചിരുന്ന ഷർട്ടും ശരീരത്തിൽ ഉണ്ടായിരുന്നില്ല.ശരീരത്തിൽ അടിയേറ്റ പരിക്കുകളുമുണ്ട്. നേരത്തെ മീൻ വാങ്ങി വീട്ടിലെത്തി അമ്മയെ ഏൽപ്പിച്ച ശേഷം പത്തുമണിയോടെ വരുമെന്ന് പറഞ്ഞാണ് പ്രീയേഷ് ഇറങ്ങിയതെന്ന് വീട്ടുകാർ പറഞ്ഞു.രാത്രി 12 മണിക്കും എത്താതിനെ തുടർന്ന് ഫോൺ വിളിച്ചെങ്കിലും അറ്റൻഡ് ചെയ്തിരുന്നില്ല. രാത്രി ആരുടെയോ ഫോൺകാൾ വന്നതിന് പിന്നാലെയാണ് പ്രീയേഷ് പോയതെന്ന് അച്ഛൻ കൃഷ്ണൻ പൊലീസിന് മൊഴി നൽകി.

തൊട്ടടുത്തുള്ള വയലോടി തോടിന് സമീപത്ത് വച്ച് അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബുള്ളറ്റിൽ എടുത്തുകൊണ്ടുവന്ന വീടിന് ഇട്ടുവെന്നാണ് പൊലീസിന് ഒടുവിൽ ലഭിച്ച വിവരം. പ്രിയേഷ് ധരിച്ചിരുന്ന ഹെൽമറ്റ് 100 മീറ്റർ അകലെയുള്ള മതിലിനു മുകളിൽ വച്ച നിലയിൽ കണ്ടെത്തി.

കാസർകോട് നിന്നെത്തിയ പൊലീസ് നായ വയലോടി തോടിന് സമീപം വരെ ഓടി തിരിച്ചു വന്നിരുന്നു. ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ചന്തേര ഇൻസ്‌പെക്ടർ പി.നാരായണൻ, എസ്.ഐ എം.വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

അവിവാഹിതനാണ് മരിച്ച പ്രിയേഷ് . പയ്യന്നൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സഹോദരങ്ങൾ :പ്രീത ,പ്രസിന ,പ്രജീഷ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY