SignIn
Kerala Kaumudi Online
Wednesday, 29 July 2026 12.07 PM IST

ഭർത്താവ് നാട്ടിലെത്തിയത് നാല് ദിവസം മുൻപ്; ഗർഭിണിയാണെന്ന വിവരം അറിയിച്ചില്ല, കുഞ്ഞിനെ ഉപേക്ഷിച്ചതിൽ കേസ്

police
പ്രതീകാത്മക ചിത്രം

നിലമ്പൂർ: ചാലിയാർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ടോയ്‌ലെറ്റിലെ ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചാലിയാർ എരഞ്ഞിമങ്ങാട് വേട്ടേക്കോട്ടെ സ്വദേശിയായ 28കാരിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ശുചിമുറിയിൽ പ്രവസിച്ച ഉടൻ യുവതി പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 10ന് ക്ലീനിംഗ് സ്റ്റാഫ് ടോയ്‌ലെറ്റ് വൃത്തിയാക്കുന്നതിനിടെയാണ് ബക്കറ്റിൽ ഇരുത്തിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തിങ്കളാഴ്ച രാത്രി 11ന് രക്തസ്രാവത്തെത്തുടർന്ന് യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വനിതാ ഡോക്‌ടർ ഇല്ലാത്തതിനാൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ഡ്രസ് മാറാൻ ടോയ്ലെറ്റിൽ പോയ യുവതി മുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് തിരിച്ചു വന്നത്. ഉടനെ ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രസവവിവരം യുവതി ഡോക്ടറോട് പറഞ്ഞിരുന്നില്ല.

ഇന്നലെ രാവിലെ ടോയ്ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി കുഞ്ഞിന്റെ മൃതദേഹം കണ്ടതിന് പിന്നാലെ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രസവിച്ചതായും തെളിഞ്ഞു. ചോദ്യം ചെയ്യലിൽ യുവതി ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.

പ്രസവിച്ചത് ചാപിള്ളയായിരുന്നെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. ഗർഭിണിയാണെന്ന വിവരം യുവതി വീട്ടിൽ അറിയിച്ചിരുന്നില്ല. ഗൾഫിലായിരുന്ന ഭർത്താവ് നാല് ദിവസം മുൻപാണ് നാട്ടിലെത്തിയത്. രക്തസ്രാവമുള്ളതിനാൽ നിലവിൽ പേവാർഡിൽ കഴിയുന്ന യുവതി പൊലീസിന്റെ നിരീക്ഷണത്തിലാണ്.

English Summary

A newborn baby's body was found in a bucket inside the toilet of a private hospital in Nilambur. Police registered an unnatural death case after a 28-year-old woman admitted giving birth there and leaving the baby. She claimed the baby was stillborn. The woman, currently under treatment, is under police observation while the investigation continues.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NILAMBUR NEWBORN DEATH, CHALIYAR HOSPITAL CASE, NILAMBUR BABY BODY FOUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY