
തൃശൂർ: കുക്കറിൽ കഞ്ചാവ് ഒളിപ്പിച്ച 40കാരൻ അറസ്റ്റിൽ. കുന്നംകുളം അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇയാളുടെ കെെയിൽ നിന്ന് 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കുന്നംകുളം സബ് ഇൻസ്‌പെക്ടർ രാകേഷിന് അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. പിന്നാലെ പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. ഇതിനിടെ അടുക്കളയിൽ നിന്നും കുക്കർ വിസിലടിച്ചു. പിന്നാലെ കഞ്ചാവിന്റെ മണം ലഭിച്ച പൊലീസ് അടുക്കളയിലെത്തി. കുക്കർ പരിശോധിച്ചപ്പോൾ അടുപ്പിൽ തിളച്ചിരുന്ന ചോറിൽ നിന്നും കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു. മുൻപ് എക്സെെസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും എതിരെ കത്തിവീശിയ സംഭവത്തിലെ പ്രതിയാണ് ബിനീഷ്.
അതേസമയം, ലഹരി മുക്ത കേരളം എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ 728കേസുകളിലായി 795പേർ അറസ്റ്റിലായി. 626 ഗ്രാം എം.ഡി.എം.എ, 48.14കിലോ കഞ്ചാവ്, 136ഗ്രാം ഹാഷിഷ് ഓയിൽ 480കഞ്ചാവ് ബീഡി എന്നിവയും പിടിച്ചെടുത്തു. കോപ്ട നിയമപ്രകാരം 115കേസുകളും എൻ.ഡി.പി.എസ് ആക്ട് പ്രകാരം 469കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ 84 പൊലീസ് സബ്ഡിവിഷനുകളിലും 16അംഗങ്ങളുള്ള നാലുവീതം സംഘങ്ങളെ നിയോഗിച്ചു.
വിദേശത്തു നിന്ന് രാസലഹരിയെത്തിക്കുന്ന ശൃംഖലയിലെ കണ്ണികളായ രണ്ട് വിദേശികളെ 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിനിടെ പൊലീസ് പിടികൂടി. പന്തളം സ്റ്റേഷനിലെ ലഹരിക്കേസിലെ പ്രതിയായ നൈജീരിയൻ പൗരൻ സാമുവൽ ഒക്ഫോറിനെ ഡൽഹിയിൽ നിന്നും പത്തനംതിട്ട പെരുനാട് സ്റ്റേഷനിലെ കേസിൽ എൽസീന സനാതൻ സോസ എന്ന വിദേശ വനിതയെ ബംഗളൂരുവിൽ നിന്നുമാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |