SignIn
Kerala Kaumudi Online
Wednesday, 23 September 2026 11.06 AM IST

സുഗന്ധഗിരി വനഭൂമിയിലെ മരംകൊള്ള; കൽപ്പറ്റ റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ

READ ENGLISH VERSION
sugandhagiri

കോഴിക്കോട്: വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് 126 മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെ സസ്‌പെൻഡ് ചെയ്‌തു. ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടിയും വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് ഭരണവിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് (എപിസിസിഎഫ്) പ്രമോദ് ജി കൃഷ്‌ണന്റെ ഉത്തരവ്.

ഡിഎഫ്‌ഒ ഷജ്‌ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്‌ക്ക് തുടർ നടപടികൾ സ്വീകരിക്കും. മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഉത്തരമേഖലാ സിസിഎഫിനെ ചുമതലപ്പെടുത്തി. സംഭവത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും രണ്ട് റേഞ്ച് ഓഫീസർമാരും ഉൾപ്പെടെ 18 വനംവകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ വനം മന്ത്രി എകെ ശശീന്ദ്രൻ വനം അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്‌തിരുന്നു.

പ്രതികളിൽ നിന്ന് ഫോറസ്റ്റ് വാച്ചർ ആർ ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചുകൊടുത്തത് പോലും വനംവകുപ്പ് ജീവനക്കാരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനകൾ ഒന്നും ഇല്ലാതെ മരം മുറിക്കുന്നതിന് അനുമതി നൽകി, കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടും കുറ്റവാളികൾ തടി കടത്തുന്നതിന് ഇടയാക്കി, യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ല തുടങ്ങിയ കുറ്റങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്.

ഇവരിൽ കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെകെ ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സജി പ്രസാദ്, എംകെ വിനോദ് കുമാർ, വാച്ചർമാരായ ജോൺസൺ, ബാലൻ എന്നിവർ നേരത്തേ സസ്‌പെൻഷനിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SUGANDHAGIRI, KALPATTA RANGE OFFICER, SUSPENDED, TREE FELLING CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY