SignIn
Kerala Kaumudi Online
Monday, 14 September 2026 7.12 AM IST

ഇനിയും , തുറന്ന് സംസാരിക്കും

gayathri-suresh

സിനിമയോട് അത്രമാത്രം ഇഷ്ടം തോന്നി അഭിനയരംഗത്തേക്കുവന്ന ഗായത്രി സുരേഷ് പത്തുവർഷം അടുക്കുന്ന യാത്രയുടെ ആഹ്ളാദത്തിൽ. നായികയായി തുടരാൻ കഴിയുന്നതാണ് യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. ഗായത്രി സുരേഷ് നായികയായി മുഷ്തതാഖ് റഹ്മാൻ കരിയാടൻ സംവിധാനം ചെയ്യുന്ന അഭിരാമി ജൂൺ 7ന് തിയേറ്ററിൽ എത്തുകയാണ്. ഗായത്രി സംസാരിക്കുന്നു.

അഭിരാമി തിരഞ്ഞെടുക്കാൻ എന്താണ് കാരണം ?

അഭിരാമിയിൽ എവിടെയോ ഞാനുണ്ടെന്ന് തോന്നിയതാണ് ഒരു കാരണം. ദുബായിൽ ചിത്രീകരിക്കുന്ന സിനിമയുടെ ഭാഗമാകണെന്നും ഒരുപാട് ആഗ്രഹിച്ചു.

ദുബായിൽ ജോലി ചെയ്യുന്ന നഴ്സാണ് അഭിരാമി. സോഷ്യൽ മീഡിയയാണ് അഭിരാമിയുടെ ലോകം. അവിടെ നടക്കുന്ന ഒാരോ കാര്യവും അപ്പോൾത്തന്നെ അറിയുന്നു. ഒരു സംഭവത്തിലൂടെ അഭിരാമി വൈറലാകുന്നതും തുടർന്ന് ജീവിതം മാറി മറിയുന്നതുമാണ് കഥ .

ജമ്നാപ്യാരിയിലെ ഗംഭീരമായ തുടക്കം നിലനിറുത്താൻ സാധിച്ചോ‌‌ ?

ഉണ്ടെന്നും ഇല്ലെന്നും പറയാൻ കഴിയില്ല. ചിൽഡ്രൻസ് പാർക്ക്,സഖാവ്, ഒരു മെക്സിക്കൻ അപാരത, ഒരേ മുഖം തുടങ്ങി പ്രശസ്തരായ സംവിധായകരുടെയും വലിയ ബാനറിന്റെയും സിനിമകൾ ചെയ്തു. അതോ‌ടൊപ്പം നവാഗത സംവിധായകരുടെ സിനിമയുടെയും ഭാഗമാകാൻ കഴിഞ്ഞു. ഒരിക്കലും സിനിമ വിട്ടുനിൽക്കേണ്ട അവസ്ഥ വന്നില്ല.

തൃശൂർ ഭാഷയിലെ സിനിമയാണ് ജമ്നാപ്യാരി. ഞാൻ ഒരു തൃശൂരുകാരിയായതുകൊണ്ട് പലപ്പോഴും അതൊരു ഭാഗ്യമായാണ് കരുതുന്നത്. എന്റേതായ ഒരു വ്യക്തിത്വം ആ സിനിമ തന്നു. ഇപ്പോഴും ജ മ്നാപ്യാരി എന്ന് ആളുകൾ വിളിക്കാറുണ്ട്.പത്തുവർഷമാകുന്നു സിനിമയിൽ വന്നിട്ട്. എവിടെയെങ്കിലുമൊക്കെ പിടിച്ചുനിൽക്കാൻ പറ്റുന്നുണ്ട്. ഇനിയും ഒരുപാടു ഒരുപാട് പോവാനുണ്ട്. എന്നാൽ ഞാൻ സന്തോഷവതിയാണ്.

സിനിമയെ എപ്പോഴാണ് സ്നേഹിക്കാൻ തുടങ്ങിയത് ?

അഭിനയം ഇഷ്ടമായതിനാലാണ് സിനിമയിൽ വന്നത്. കുട്ടിക്കാലം മുതൽ അതായിരുന്നു ആഗ്രഹം. ഒരൊറ്റ സിനിമയിൽ നിറുത്തുമെന്നാണ് ഞാൻ അച്ഛനോട് പറഞ്ഞത്. ഞാനും അങ്ങനെയാണ് കരുതിയത്. എന്നാൽ സിനിമകൾ വന്നപ്പോൾ മുൻപോട്ടുപോയി. ആരുടെയും ഉപദേശം തേടിയില്ല,

സ്വയം തീരുമാനം എടുക്കാനാണ് കൂടുതൽ താത്പര്യം. എന്നാൽ ഗൗരവമായ കാര്യമെങ്കിൽ മാത്രമേ ഉപദേശം തേടാറുള്ളൂ. പഠിച്ച് പഠിച്ചാണ് ഒരു സിനിമയിൽനിന്ന് അടുത്തതിലേക്ക് വന്നത്. അതിനാൽ പല കാര്യങ്ങളും പഠിക്കാൻ കഴിഞ്ഞു. ഒാരോവർഷം കഴിയുന്തോറും സിനിമയോട് ഇഷ്ടം കൂടികൂടി വരുന്നു. സിനിമ തന്നെയാണ് പാഷൻ.സിനിമയുടെ എല്ലാ കാര്യങ്ങളും എന്നെ സന്തോഷിപ്പിക്കുന്നു.

ട്രോളുകൾ ഇപ്പോൾ നേരിടേണ്ടി വരുന്നില്ലല്ലേ ?

വരും വരായ്കയെക്കുറിച്ച് ചിന്തിക്കാതെ മുൻപ് സംസാരിക്കുകയായിരുന്നു. അപ്പോൾ തോന്നുന്നത് പറയുന്നതായിരുന്നു രീതി. സത്യസന്ധമായി സംസാരിക്കാനാണ് ഇപ്പോഴും എനിക്ക് ഇഷ്ടം.

അപ്പോഴാണ് ആളുകൾക്ക് നമ്മളോട് വിശ്വാസം ഉണ്ടാകുക എന്ന് കരുതുന്നു.ഇപ്പോൾ എല്ലാവരും തുറന്നാണ് സംസാരിക്കുന്നത്. ഇനിയും തുറന്ന് തന്നെ സംസാരിക്കാൻ ശ്രമിക്കും. അതാണ് നല്ലത്. ട്രോളുകൾ ഇല്ലാത്തതിന്റെ കാരണം അറിയില്ല. അത് നല്ലതെന്നോ ചീത്തയെന്നോ അറിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY