മമ്മൂട്ടിയും ധനുഷും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രത്തിന് ഒാം എന്ന് പേരിട്ടു. അമരൻ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജ്കുമാർ പെരിയ സാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം എന്ന നിലയിൽ ഒാം വൻ പ്രതീക്ഷ നൽകുന്നു. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം നവരാത്രി ദിനമായി ഒക്ടോബർ 16ന് റിലീസ് ചെയ്യും. ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സായി പല്ലവിയും ശ്രീലീലയും ആണ് നായികമാർ. മലയാള താരം ഇന്ദ്രൻസും സുപ്രധാന വേഷമവതരിപ്പിക്കുന്നു . തമിഴകത്തിന്റെ പുതിയ മ്യൂസിക് സെൻസേഷനായ സായി അഭ്യങ്കറിന്റേതാണ് സംഗീതം. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ചെന്നൈയിൽഇന്നലെ ആരംഭിച്ചു . മമ്മൂട്ടി വീണ്ടും ജോയിൻ ചെയ്യുന്ന ദിവസം ടൈറ്രിൽ പ്രഖ്യാപനം ഉണ്ടാകും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഒരു ഗാനരംഗത്തും ആക്ഷൻ സീനുകളും മമ്മൂട്ടിക്ക് പൂർത്തിയാക്കാനുണ്ടെന്ന് അറിയുന്നു. മമ്മൂട്ടിയും ധനുഷും ആദ്യമായി തമിഴിൽ ഒരുമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യും എന്നാണ് വിവരം.അതേസമയം നിതീഷ് സഹദേവ് ചിത്രം ആണ് മമ്മൂട്ടിയുടെ അടുത്ത മലയാളം പ്രോജക്ട്.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് സംവിധായകൻ നിതീഷ് സഹദേവും നടൻ അനുരാജ് ഒ.ബിയും ചേർന്നാണ് രചന.അൽഫോൻസ് പുത്രൻ ആണ് മറ്റൊരു പ്രധാനതാരം. സർക്കസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം എന്നാണ് വിവരം. ഫാലിമി , തലൈവർ തമ്പി തലൈമയിൽ എന്നീ ചിത്രങ്ങൾക്കുശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.