
രജനികാന്ത് ചിത്രം ധർമ്മനിൽ രുക്‌മിണി വസന്തും. സിമ്രാൻ, റാഷി ഖന്ന എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ നിർണായക വേഷത്തിൽ ആണ് രുക്‌മിണി വസന്ത് എത്തുന്നത്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യോഗിബാബു ആണ് മറ്റൊരു പ്രധാന താരം. ഇതാദ്യമായാണ് രജനികാന്ത് ചിത്രത്തിൽ രുക്മിണി വസന്ത് ഭാഗമാകുന്നത്. രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ ആണ് നിർമ്മാണം. രജനികാന്ത് ഡോക്ടറുടെ വേഷത്തിൽ എത്തുന്ന ചിത്രം അടുത്ത പൊങ്കലിന് റിലീസ് ചെയ്യും. രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മുവീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു. അതേസമയം, കാന്താര ചാപ്ടർ ഒന്നിൽ കനകവതി രാജ്ഞിയായി മലയാളത്തിനും പരിചിതയായ രുക്‌മിണി നായികയായി രണ്ടു ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. യാഷ് നായകനായി ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കും പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ജൂനിയർ എൻ.ടി. ആർ നായകനാവുന്ന ഡ്രാഗണും ആണ് ചിത്രങ്ങൾ. കന്നടയിൽ അരങ്ങേറ്റം കുറിച്ച് ഹിന്ദിയിലും തെലുങ്കിലും തമിഴിലും അഭിനയിച്ച രുക്‌മിണി വസന്ത് മലയാള സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നുണ്ട്. വിജയ് സേതുപതി ചിത്രം 'ഏസി"ലൂടെയാണ് തമിഴിൽ എത്തുന്നത്. മദ്രാസിയിൽ ശിവകാർത്തികേയന്റെയും നായികയായി. രുക്‌മിണി വസന്ത് തമിഴിൽ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് ധർമ്മൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |