വിടപറഞ്ഞ് മൂന്ന് വർഷം പിന്നിട്ടിട്ടും നടനും മിമിക്രി താരവുമായിരുന്ന കലാഭവൻ ഹനീഫിന്റെ ഓർമ്മകളുമായി മകൻ ഷറൂഖ് ഹനീഫ്. ജീവിതത്തിലെ ഓരോ പ്രതിസന്ധിയിലും സന്തോഷത്തിലും തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോഴും മനസ് ആദ്യം തേടുന്നത് ഉപ്പയെയാണെന്ന് ഷറൂഖ് ഫേസ്ബുക്കിൽ കുറിച്ചു. വൈകാരിക കുറിപ്പിനൊപ്പം കുടുംബത്തോടൊപ്പമുള്ള നിരവധി ചിത്രങ്ങളും ഷറൂഖ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
2023 നവംബർ ഒമ്പതിനായിരുന്നു കലാഭവൻ ഹനീഫിന്റെ അപ്രതീക്ഷിത വിയോഗം. കുടുംബത്തിലെ എല്ലാവരെയും ഒരുപോലെ ചേർത്തുപിടിച്ചിരുന്ന ഉപ്പയുടെ അഭാവം ഇന്നും നികത്താനാകാത്ത നഷ്ടമാണെന്ന് ഷറൂഖ് കുറിച്ചു. പിതാവിനെ കാണാൻ കഴിയാത്ത മകളുടെ വിഷമവും അദ്ദേഹം പങ്കുവച്ചു. ഉപ്പയുടെ മടിയിലിരുത്താനോ സ്‌നേഹം അനുഭവിപ്പിക്കാനോ കഴിയാത്തത് ജീവിതത്തിലെ വലിയ സങ്കടമാണെന്നും പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഭയുമ്മ, തസ്ലീഫ്, സഹോദരിയുടെ ഭർത്താവ് ഇസ്മായിൽ തുടങ്ങി നിരവധി പ്രിയപ്പെട്ടവരെയാണ് കുടുംബത്തിന് നഷ്ടമായത്. തുടർച്ചയായ വേർപാടുകൾ കുടുംബത്തെ തളർത്തിയെന്നും ഷറൂഖ് ഓർത്തെടുത്തു. അതേസമയം, പ്രതിസന്ധികളിൽ കുടുംബത്തിന് താങ്ങായി നിന്ന മമ്മൂട്ടി, ദിലീപ് തുടങ്ങി സിനിമാരംഗത്തെ സുഹൃത്തുക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഉപ്പ പോയതിനുശേഷം തങ്ങളുടെ കുടുംബ ജീവിതം തന്നെ ഒരുപാട് മാറിപ്പോയെന്നും പഴയതുപോലെ എല്ലാവരും ഒന്നിച്ചിരുന്ന് ചിരിക്കുന്ന നിമിഷങ്ങൾ, കുടുംബത്തിലെ ഓരോ സന്തോഷങ്ങളും ആഘോഷങ്ങളും, ചെറിയ ചെറിയ തമാശകൾ, എല്ലാവരെയും ചേർത്തുനിർത്തിയിരുന്ന ആ പഴയ അന്തരീക്ഷം… പലതും ഇന്ന് ഓർമ്മകളിൽ മാത്രമാണെന്നും ഷറൂഖ് പറയുന്നു.
ചുള്ളിക്കലിലെ റോഡിന് കലാഭവൻ ഹനീഫിന്റെ പേരിട്ടതും കലാകായിക കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേര് നൽകാനുള്ള തീരുമാനവും കുടുംബത്തിന് വലിയ അഭിമാനമാണെന്നും ഷറൂഖ് പറഞ്ഞു. പിതാവിന്റെ കലാജീവിതത്തിനുള്ള അംഗീകാരങ്ങളായാണ് ഇവയെ കാണുന്നതെന്നും വ്യക്തമാക്കി. ''കാലം എത്ര കഴിഞ്ഞാലും ഉപ്പയ്ക്ക് പകരം മറ്റൊരാളില്ല. ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് ആ ഓർമ്മകൾ മായില്ല'' എന്ന വാക്കുകളോടെയാണ് ഷറൂഖ് കുറിപ്പ് അവസാനിപ്പിച്ചത്.
Shahrukh Haneef, son of late actor Kalabhavan Haneef, shared an emotional Facebook post marking three years since his father's passing. He expressed profound grief over Haneef's absence and recent family losses. Shahrukh also thanked actors Mammootty and Dileep for their support, noting the family's pride in local tributes, including a road named after Kalabhavan Haneef.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |